തുമ്പമണ്‍ മുട്ടം കോളനിയില്‍ സംഘര്‍ഷം; ആറുപേര്‍ക്ക് പരിക്ക്

പന്തളം: തുമ്പമണ്‍ മുട്ടം കോളനിയില്‍ സംഘര്‍ഷാവസ്ഥ. തിങ്കളാഴ്ച രാത്രി രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ആറു പേരെ പന്തളത്തും അടൂരിലുമായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളാണ് സംഘര്‍ഷത്തിലേക്ക് നീങ്ങാന്‍ കാരണം. തിങ്കളാഴ്ച രാത്രി ഡി.വൈ.എഫ്.ഐ സംസ്ഥാന ജാഥയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന പ്രവര്‍ത്തകര്‍ തിരികെ പോകാന്‍ തയാറാകുമ്പോള്‍ ഒരു സംഘമാളുകളുടെ നേതൃത്വത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ മര്‍ദിച്ചതായി പരാതി ഉയര്‍ന്നത്. സി.പി.എം തുമ്പമണ്‍ ലോക്കല്‍ കമ്മിറ്റി അംഗം കെ. മനോഹരന്‍െറ മകന്‍ ബ്ളോക് നമ്പര്‍ 36ല്‍ അനന്തു (17) , ബ്ളോക് നമ്പര്‍ 25ല്‍ ഓമനക്കുട്ടന്‍െറ മകന്‍ സച്ചു (18), ബ്ളോക് നമ്പര്‍ 11ല്‍ മോഹനന്‍െറ മകന്‍ ശരണ്‍ മോഹന്‍ (18), ബ്ളോക് നമ്പര്‍ 24ല്‍ അരുണ്‍ (25) എന്നിവരെ പരിക്കുകളോടെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വഴിയില്‍വെച്ച് നടന്ന തര്‍ക്കത്തില്‍ ഡി.വൈ.എഫ്.ഐ തുമ്പമണ്‍ മേഖലാ സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗവുമായ എന്‍.സി. അഭീഷ് (29), മുട്ടം കോളനി ബ്ളോക് നമ്പര്‍ 11ല്‍ ശിവാനന്ദന്‍െറ മകന്‍ പ്രദീപ് (20) എന്നിവരെ പന്തളം സി.എം ആശുപത്രിയിലും പ്രവേശിപ്പിച്ചു. അടിയേറ്റ് അഭീഷിന്‍െറ കൈവിരലുകള്‍ക്ക് പൊട്ടലുണ്ട്. അഭീഷിന്‍െറ ഒന്നേകാല്‍ പവന്‍െറ മാലയും മോഹനന്‍െറ മൊബൈല്‍ ഫോണും നഷ്ടപ്പെട്ടതായി പരാതിയില്‍ പറയുന്നു. ക്ഷേത്രത്തിലെ സപ്താഹത്തിന്‍െറ സമാപനം കഴിഞ്ഞ് ആളുകള്‍ തിരികെ പോകുന്ന സമയത്താണ് ആക്രമണമുണ്ടായത്. മര്‍ദനത്തിനുശേഷം വീട്ടുപകരണങ്ങളും നശിപ്പിച്ചതായി പരാതിയില്‍ പറയുന്നു. മര്‍ദനത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് തിരികെ വരുമ്പോഴാണ് അഭീഷിനെ മര്‍ദിച്ചതായി അഭീഷ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. മുട്ടം കോളനിയില്‍ ബ്ളോക് നമ്പര്‍ 10ല്‍ മോനച്ചന്‍െറ മകന്‍ അനില്‍, ബ്ളോക് നമ്പര്‍ 20ല്‍ അര്‍ജുന്‍, സേതുരാജ്, അമല്‍, ഗൗതംകൃഷ്ണ, ബ്ളോക് നമ്പര്‍ 12ല്‍ രഹില്‍, ചെറുതാപ്പള്ളി സുനില്‍, ബ്ളോക് നമ്പര്‍ മൂന്നില്‍ രതീഷ്, ബ്ളോക് നമ്പര്‍ അഞ്ചില്‍ ശരത്ലാല്‍ എന്നിവരുടെ സംഘമാണ് വീട് കയറി ആക്രമിച്ചതെന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതിപ്പെട്ടു. സി.പി.എം റെബലായി മുട്ടം വാര്‍ഡില്‍ സ്ഥാനാര്‍ഥി മത്സരിച്ചിരുന്നു. ഇത് ഇരുവിഭാഗം തമ്മില്‍ തര്‍ക്കത്തിന് കാരണമായതെന്ന് പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.