വടശ്ശേരിക്കര: വന്യമൃഗങ്ങള്‍ തീറ്റതേടി ഗ്രാമങ്ങളിലേക്കും വനമേഖലയിലെ പട്ടണങ്ങളിലേക്കും വരെ എത്തിയതോടെ ജില്ലയുടെ ഭക്ഷ്യോല്‍പാദന കലവറയായിരുന്ന കിഴക്കന്‍ മേഖലയില്‍ കര്‍ഷകര്‍ കൂട്ടത്തോടെ കൃഷിയില്‍നിന്ന് പിന്‍വാങ്ങുന്നു. ഇത് പ്രദേശത്തെ ഭക്ഷ്യോല്‍പാദനത്തില്‍ ഗണ്യമായ കുറവിന് കാരണമാകുന്നു. ജില്ലയിലെ വനാതിര്‍ത്തിയോടുചേര്‍ന്ന റാന്നി, കോന്നി പ്രദേശങ്ങളിലാണ് കപ്പയും കാച്ചിലും ചേമ്പും ചേനയും ചെറുകിഴങ്ങും മധുരക്കിഴങ്ങും അടുക്കളത്തോട്ടങ്ങളും അപ്രത്യക്ഷമാകുന്നത്. ഒരു സമയത്ത് മലയോരമേഖലയില്‍ റബര്‍ വ്യാപകമായിരുന്നെങ്കിലും കിഴങ്ങുവര്‍ഗങ്ങളും വാഴയും പച്ചക്കറിയും എല്ലാ പുരയിടങ്ങളിലും കാണാമായിരുന്നു. റാന്നി, കോന്നി, ചിറ്റാര്‍, വടശ്ശേരിക്കര മാര്‍ക്കറ്റുകളിലേക്ക് ഈ മേഖലയില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കള്‍ ധാരാളമായി എത്തുന്നുണ്ടായിരുന്നു. എന്നാല്‍, വനനിയമങ്ങള്‍ കര്‍ശനമാകുകയും വനത്തിലെ പരിസ്ഥിതി അസന്തുലിതാവസ്ഥയും കാരണം വന്യമൃഗങ്ങള്‍ കൂട്ടത്തോടെ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കാന്‍ തുടങ്ങിയതോടെ കര്‍ഷകര്‍ക്ക് മറ്റു മാര്‍ഗങ്ങളില്ലാതായി. റബര്‍ വിലക്കുറവുമൂലം തോട്ടങ്ങളില്‍ കാടുകയറിയതും കൃഷി നഷ്ടമായപ്പോള്‍ മലയോരമേഖലയില്‍ വ്യാപകമായി കോലിഞ്ചി കൃഷി ചെയ്തതും വന്യമൃഗങ്ങള്‍ക്ക് കൂടുതല്‍ സൗകര്യമായി. കാട്ടുപന്നിയും കുരങ്ങും മലയണ്ണാനുമാണ് കര്‍ഷകരുടെ പ്രധാന ശത്രുക്കള്‍. കുഴിച്ചിടുന്ന വാഴവിത്തും കിഴങ്ങുവര്‍ഗങ്ങളും കാട്ടുപന്നി കൂട്ടത്തോടെയത്തെി നശിപ്പിക്കുമ്പോള്‍ മലയണ്ണാനും കുരങ്ങും ചക്കയും മാങ്ങയും കശുവണ്ടിയും മുള പൊട്ടുമ്പോഴേ നശിപ്പിക്കും. മുമ്പ് കാടിനോടു ചേര്‍ന്ന പ്രദേശങ്ങളില്‍ മാത്രമായിരുന്നു ശല്യമെങ്കില്‍ ഇപ്പോള്‍ റാന്നി, കോന്നി, വടശ്ശേരിക്കര തുടങ്ങിയ ടൗണുകളുടെ പരിസരത്ത് പന്നിയെപ്പേടിച്ച് കപ്പപോലും കുഴിച്ചുവെക്കാന്‍ പറ്റാത്ത അവസ്ഥയാണ്. റബ്ബര്‍ വിലയിടിഞ്ഞതിനാല്‍ നാട്ടിലേക്കു മടങ്ങുന്ന വിദേശമലയാളികളും കൃഷി ഉപജീവനമാര്‍ഗമാക്കിയവരും ഭക്ഷ്യോല്‍പാദന മേഖലയില്‍ മുതല്‍മുടക്കാന്‍ തയാറാണെങ്കിലും വന്യമൃഗശല്യം അവരെ അതില്‍നിന്ന് പിന്തിരിപ്പിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.