പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം തുടങ്ങുന്നതിന്‍െറ ഭാഗമായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ തട്ടിക്കൂട്ട് ഒ.പി തുടങ്ങാനുള്ള ശ്രമം പാളി. രണ്ടു ഡോക്ടര്‍മാരെവെച്ച് ഒ.പി തുടങ്ങാനുള്ള നീക്കം കെ.ജി.എം.ഒ നേതൃത്വത്തില്‍ തടഞ്ഞതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം തിങ്കളാഴ്ച ആരംഭിക്കാന്‍ കഴിയാതിരുന്നത്. നേത്രരോഗ വിദഗ്ധനും ഫിസിഷ്യനുമാണ് തിങ്കളാഴ്ച ചാര്‍ജെടുക്കാന്‍ വന്നത്. ഇവര്‍ ചാര്‍ജെടുക്കാന്‍ കെ.ജി.എം.ഒ ഭാരവാഹികള്‍ അനുവദിച്ചില്ല. വിവിധ വിഭാഗങ്ങളിലായി ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിച്ചശേഷം ഒ.പി തുടങ്ങണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. കൂടാതെ വിവിധ ഉപകരണങ്ങളും സജ്ജമാക്കണം. എന്നാല്‍, ഇതൊന്നും ആകാതെ രണ്ടു ഡോക്ടര്‍മാരെ മാത്രംവെച്ച് പ്രവര്‍ത്തനം തുടങ്ങാന്‍ ശ്രമിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. കോന്നി മെഡിക്കല്‍ കോളജിന്‍െറ അംഗീകാരം പെട്ടെന്ന് ലഭ്യമാകാന്‍ വേണ്ടിയാണ് ഇപ്പോള്‍ ഒ.പി പ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനിച്ചത്. ഇതിനായി സൂപ്രണ്ടിനെയും പ്രിന്‍സിപ്പലിനെയും നേരത്തേ നിയമിക്കുകയും ചെയ്തിരുന്നു. ജനറല്‍ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തത് കാരണം രോഗികള്‍ ഏറെ നാളായി വലയുകയാണ്. കോന്നിയില്‍ പണി പൂര്‍ത്തിയാകാത്ത സ്ഥിതിക്ക് മെഡിക്കല്‍ കോളജ് ഒ.പി തുടങ്ങാന്‍ പുതിയ ഡോക്ടര്‍മാരെ നിയമിച്ചാല്‍ അവര്‍ ജോലിയില്‍ പ്രവേശിച്ച ശേഷം അവധിയെടുക്കുകയായിരിക്കും ചെയ്യുക. മെഡിക്കല്‍ കോളജ് പൂര്‍ത്തിയാകാതെ ഡോക്ടര്‍മാര്‍ ഇവിടെ തങ്ങില്ല. ഇതോടെ ജോലി ഭാരം ജനറല്‍ ആശുപത്രിയിലെ നിലവിലെ ഡോക്ടര്‍മാര്‍ക്കായിരിക്കും. അമിത ജോലി ഭാരം, സ്ഥലം മാറ്റം ഇവയൊക്കെ ഇവിടുത്തെ ജീവനക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന ഘടകങ്ങളാണ്. ആവശ്യത്തിന് ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും നിയമിക്കാതെ ബോര്‍ഡ് മാത്രം മാറ്റിയതുകൊണ്ട് കാര്യമില്ളെന്നാണ് അവര്‍ പറയുന്നത്. നിലവിലുള്ള സംവിധാനം മെച്ചപ്പെടുത്തിയശേഷം മെഡിക്കല്‍ കോളജിന് സൗകര്യമൊരുക്കുകയാണ് വേണ്ടത്. എക്സ്റേ, സ്കാന്‍, മറ്റ് പരിശോധനകള്‍ എന്നിവക്കായി രോഗികള്‍ പുറത്തെ സ്വകാര്യ സ്ഥാപനങ്ങളെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. അപകടങ്ങളില്‍പെട്ട് വരുന്ന രോഗികളെ കോട്ടയത്തേക്ക് വിടുകയാണിപ്പോള്‍ ചെയ്യുന്നത്. വിവിധ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും ഏറെ നാളായി ഇവിടെയില്ല. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 43 ഡോക്ടര്‍മാരുടെ തസ്തികയാണുള്ളത്. എന്നാല്‍, ഇതില്‍ ഒമ്പതു സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്‍ ചിലര്‍ അടുത്തിടെ വിരമിക്കയും സ്ഥലം മാറുകയും ചെയ്തിട്ട് ഇതുവരെ പകരം നിയമനങ്ങള്‍ ആയിട്ടില്ല. ഉള്ള ഡോക്ടര്‍മാരില്‍ ചിലര്‍ മിക്കപ്പോഴും അവധിയിലുമായിരിക്കും. ജനറല്‍ ആശുപത്രി താല്‍ക്കാലിക മെഡിക്കല്‍ കോളജാകുന്നതോടെ സാധാരണ രോഗികള്‍ക്ക് ചികിത്സ ലഭ്യമാകുന്ന കാര്യത്തിലും ആശങ്കയുണ്ട്. മെഡിക്കല്‍ കോളജില്‍ റഫറല്‍ കേസുകള്‍ മാത്രമാകും പരിഗണിക്കുക. ഇതോടെ സാധാരണ രോഗികള്‍ക്ക് ചികിത്സക്കായി ജനറല്‍ ആശുപത്രിലേക്ക് എത്താന്‍ കഴിയാതെ വരുമെന്നാണ് കണക്കാക്കുന്നത്. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പും വ്യക്തമായി ഒന്നും പറഞ്ഞിട്ടില്ല. രോഗികള്‍ മറ്റ് താലൂക്ക് കേന്ദ്രങ്ങളിലുള്ള ആശുപത്രികളിലോ പി.എച്ച്.സി കളിലോ പോകണം. ഇവിടങ്ങളിലെ സ്ഥിതിയും പരിതാപകരം തന്നെയാണ്. കുട്ടികള്‍ക്ക് പഠനാവശ്യങ്ങള്‍ക്കും മറ്റുമായി കൂടുതല്‍ മുറികളും വേണ്ടി വരും. ഇതിനായി ജനറല്‍ ആശുപത്രിയിലെ ഇപ്പോഴത്തെ വാര്‍ഡുകളായിരിക്കും ഉപയോഗിക്കുക. കൂടുതല്‍ രോഗികളെ വാര്‍ഡുകളില്‍ കിടത്തുന്നതിനും കര്‍ശന നിയന്ത്രണം ഉണ്ടാകും. കൂടാതെ സര്‍ജറി നടത്താന്‍ പോലും കുറഞ്ഞ സമയം മാത്രമായിരിക്കും ലഭിക്കുക. നിത്യേന ആയിരത്തോളം രോഗികളാണ് പത്തനംതിട്ട ജനറല്‍ ആശുപത്രി ഒ.പിയില്‍ എത്തുന്നത്. ഐ.പി വിഭാഗത്തിലും രോഗികളുടെ തിരക്ക് എപ്പോഴുമുണ്ട്. കോന്നി മെഡിക്കല്‍ കോളജ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഇനിയും കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും എടുക്കുമെന്നാണ് കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.