പൊന്‍കുന്നംവരെയുള്ള ഭാഗം ജനുവരിയില്‍ തുടങ്ങും

റാന്നി: കെ.എസ്.ടി.പി ഏറ്റെടുത്ത പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ പുനലൂര്‍ മുതല്‍ പൊന്‍കുന്നംവരെയുള്ള ഭാഗത്തെ നിര്‍മാണം 2016 ജനുവരിയില്‍ ആരംഭിക്കാനാകുമെന്ന് ഉറപ്പു ലഭിച്ചതായി രാജു എബ്രഹാം എം.എല്‍.എ അറിയിച്ചു. നിയമസഭയില്‍ എം.എല്‍.എ അവതരിപ്പിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇത് അറിയിച്ചത്. ഇതോടെ റാന്നിക്കാര്‍ ഒരുപതിറ്റാണ്ടിലധികമായി അനുഭവിച്ചുവരുന്ന കഷ്ടപ്പാടിന് പരിഹാരമാകും. 10 വര്‍ഷം മുമ്പാണ് പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാത ദേശീയ നിലവാരത്തില്‍ പുനരുദ്ധരിക്കുന്നതിനായി കെ.എസ്.ടി.പി ഏറ്റെടുക്കാന്‍ തീരുമാനിക്കുന്നത്. സ്ഥലം ഏറ്റെടുക്കലും മറ്റ് സാങ്കേതിക പ്രശ്നങ്ങളും കാരണം റോഡ് പുനരുദ്ധാരണം അനന്തമായി നീളുകയായിരുന്നു. കെ.എസ്.ടി.പി ഏറ്റെടുത്ത റോഡില്‍ റീടാറിങ്ങും മറ്റും ചെയ്യാന്‍ പൊതുമരാമത്തിനുണ്ടായ സാങ്കേതിക പ്രശ്നങ്ങള്‍ ചില്ലറയൊന്നുമല്ല ജനത്തെ വലച്ചത്. റോഡിന്‍െറ പൊന്‍കുന്നം മുതല്‍ മൂവാറ്റുപുഴവരെയുള്ള ഭാഗം ആദ്യഘട്ടമായി പുനരുദ്ധാരണപ്രവൃത്തിക്കള്‍ നടക്കുകയാണ്. ശേഷിക്കുന്ന പൊന്‍കുന്നം മുതല്‍ പുനലൂര്‍വരെയുള്ള ഭാഗം പി.പി.പി വ്യവസ്ഥയില്‍ പുനരുദ്ധരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത് രണ്ടു ഘട്ടങ്ങളായുള്ള ടെന്‍ഡര്‍ പദ്ധതിയാണ്. ഇതിനായുള്ള പ്രാരംഭ നടപടികള്‍ നടന്നുവരുന്നു. റോഡ് വികസനത്തിനായി സ്വകാര്യ വ്യക്തികളില്‍നിന്ന് ഏറ്റെടുക്കേണ്ട 53.29 ഹെക്ടര്‍ ഭൂമിയില്‍ 99 ശതമാനം പൂര്‍ത്തിയാക്കിയതായി പൊതുമരാമത്ത് മന്ത്രി എം.എല്‍.എയെ അറിയിച്ചു. ഇനി വിവിധ ജില്ലകളിലായി അര ഹെക്ടര്‍ ഭൂമി കൂടിയാണ് ഏറ്റെടുക്കാനുള്ളത്. കൊല്ലം ജില്ലയിലെ പത്തനാപുരത്ത് 0.0073, കലഞ്ഞൂര്‍ 0.0090, കൂടല്‍ 0.0280, കോട്ടി 0.0612, പത്തനംതിട്ട ജില്ലയിലെ മൈലപ്ര 0.2250, റാന്നി 0.0232, പഴവങ്ങാടി 0.1440, ചത്തേക്കല്‍ 0.0625, കോട്ടയം ജില്ലയിലെ ളാലം 0.0352 ഹെക്ടര്‍. ഏറ്റെടുത്ത സ്ഥലങ്ങളിലധികവും തുണ്ടുഭൂമികളായതും അവയില്‍ ചിലതിന്‍െറ സര്‍വേ നമ്പറുകള്‍ ബന്ധപ്പെട്ട നടപടി രേഖകളില്‍നിന്ന് വിട്ടുപോയതും ഏറ്റെടുക്കല്‍ നടപടി ആദ്യം മുതല്‍ ചെയ്യേണ്ട സ്ഥിതിയിലാക്കി. പഴയ സ്ഥലം ഏറ്റെടുപ്പ് നിയമത്തിന്‍െറ കാലഹരണപ്പെടലും പുതിയത് നടപ്പാക്കാനുള്ള കാലതാമസവും കെ.എസ്.ടി.പിയുടെ സ്ഥലം ഏറ്റെടുക്കലിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നേരിട്ടു ഭൂമി വാങ്ങല്‍ നടപടിവഴി മതിയായ രേഖകള്‍ ഇല്ലാത്തത് തര്‍ക്കഭൂമി ഏറ്റെടുക്കാന്‍ വൈകിച്ചു. ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവും വിരമിക്കലും പൊന്നുംവില നടപടിയുമൊക്കെ ഏറ്റെടുക്കല്‍ നടപടി വൈകിക്കുന്നതിന് കാരണമായി. ബാക്കിയുള്ള ഭൂമി ഏറ്റെടുക്കുന്നതിനായി സ്ഥലം ഉടമകളുമായി ചര്‍ച്ച നടത്തി മുന്‍കൂര്‍ കൈവശം എടുക്കുന്നതിനുള്ള അനുമതി രേഖാമൂലം വാങ്ങിയിട്ടുണ്ട്. കലക്ടറുടെ നേതൃത്വത്തിലുള്ള സമിതി ചര്‍ച്ചകളിലൂടെ നേരിട്ട് ഭൂമി വാങ്ങുന്ന പ്രക്രിയ തുടരുന്നു. റോഡ് നിര്‍മാണവും 10 വര്‍ഷത്തെ പരിപാലനത്തിനും ഉള്‍പ്പെടെ 746.5 കോടിയാണ് റോഡിനായി ചെലവ് പ്രതീക്ഷിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.