പന്നിക്കുഴി പാലത്തിന്‍െറ അപ്രോച്ച് റോഡിന് കല്ലുമാത്രം; പില്ലറും ബെല്‍റ്റുമില്ല

തിരുവല്ല: നിര്‍മാണം പൂര്‍ത്തിയാക്കിവരുന്ന പന്നിക്കുഴി പാലത്തിന്‍െറ നിലവാരമില്ലാത്ത അപ്രോച്ച് റോഡ് വിവാദമാകുന്നു. കണ്ടയ്നര്‍ അടക്കമുള്ള വലിയവാഹനങ്ങള്‍ കടന്ന് പോകുന്ന റോഡിലുള്ള പാലത്തിന്‍െറ അപ്രോച്ച് റോഡ് കരിങ്കല്ല്് മാത്രം ഉപയോഗിച്ചാണ് നിര്‍മിച്ചിട്ടുള്ളത്. പില്ലറും ബെല്‍റ്റും അടിച്ച് കരിങ്കല്ല് കെട്ടേണ്ടതിന് പകരം ഡി.ആര്‍ കെട്ടാണ് നടത്തിയിരിക്കുന്നത്. പഴയ റോഡില്‍നിന്ന് ഏകദേശം അഞ്ചുമീറ്റര്‍ ഉയരത്തില്‍ പാലത്തിന്‍െറ ഇരുഭാഗത്തേക്കും നിര്‍മിച്ചിട്ടുള്ള കരിങ്കല്‍ കെട്ട് ബലവത്തല്ല. വിഷയം വിവാദമായിട്ടും അധികൃതര്‍ ഇടപെട്ടിട്ടില്ല. ഒരു വര്‍ഷം മുമ്പ് ആരംഭിച്ച പാലത്തിന്‍െറ നിര്‍മാണം അന്തിമഘട്ടത്തിലാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ പണിതീര്‍ക്കുമെന്ന് പ്രഖ്യാപിച്ച് തുടങ്ങിയ പാലംപണി ഇനിയും വൈകുമെന്നാണ് സൂചന. നിലവാരമില്ലാത്ത രീതിയില്‍ നിര്‍മിച്ചിരിക്കുന്ന റോഡ് ഏതു നിമിഷവും തകര്‍ന്നുവീണേക്കാം. പാലവും അപ്രോച്ച് റോഡും പൂര്‍ത്തിയാകാന്‍ ഇനിയും കാലതാമസം നേരിടുമെന്നാണ് കരുതുന്നത്. എം.സി റോഡിലെ ഗതാഗതക്കുരുക്ക് അനന്തമായി നീളുകയും ചെയ്യും. സംസ്ഥാന പാതയിലെ കുപ്പിക്കഴുത്ത് ആകൃതിയിലുള്ളതും ഗതാഗതക്കുരുക്കിന് കാരണമായിട്ടുള്ളതുമായ പന്നിക്കുഴിപ്പാലം ഏറെ നിവേദനങ്ങള്‍ക്കൊടുവിലാണ് എം.സി റോഡ് വികസനത്തിന്‍െറ ഭാഗമായി പുനര്‍നിര്‍മിക്കാന്‍ തീരുമാനിച്ചത്. എം.സി റോഡ് നവീകരണം നടത്തുന്ന കെ.എസ്.ടി.പി തന്നെയാണ് പന്നിക്കുഴിയിലെ പുതിയ പാലം നിര്‍മിക്കുന്നത്. ജില്ലാ ഭരണകൂടവും ആര്‍.ഡി.ഒയുമടക്കമുള്ളവര്‍ ഇടപെട്ടിട്ടും പാലം യാഥാര്‍ഥ്യമാകാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പാലത്തിനിരുവശവുമുള്ള ആഴമുള്ള ഭാഗത്ത് നിരവധി ലോഡ് കരിങ്കല്‍ ചീളുകളും മണ്ണും നിക്ഷേപിച്ചാണ് അപ്രോച്ച് റോഡ് നിര്‍മിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഇതുവഴി കടന്നുപോയ തടിലോറി മറ്റൊരു വാഹനത്തിന് സൈഡുകൊടുക്കുന്നതിനിടെ അപ്രോച്ച് റോഡിന്‍െറ സംരക്ഷണ ഭിത്തിയില്‍ തട്ടി. ഇതോടെ ആ ഭാഗത്ത് കരിങ്കല്‍കെട്ട് ഇടിഞ്ഞ് നിലവിലുള്ള റോഡിലേക്ക് വീണു. ഇത് മൂലം മണിക്കൂറുകള്‍ ഗതാഗതം സ്തംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.