വിവാഹ ധൂര്‍ത്തില്‍നിന്ന് സമൂഹം പിന്തിരിയണം –മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ട: ലളിതമായി ജീവിക്കുകയെന്ന ശ്രീനാരായണ ഗുരുവിന്‍െറ ആഹ്വാനം ഉള്‍ക്കൊണ്ട് വിവാഹ ധൂര്‍ത്തില്‍നിന്ന് സമൂഹം പിന്തിരിയണമെന്ന് മന്ത്രി രമേശ് ചെന്നിത്തല. എസ്.എന്‍.ഡി.പി യോഗം പത്തനംതിട്ട യൂനിയന്‍ നടത്തിയ ഗുരു ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉയര്‍ന്ന ചിന്തയും ലളിത ജീവിതവുമെന്ന ഗുരുവിന്‍െറ ആശയം പിന്തുടരണം. പെണ്‍കുട്ടിയെ സ്വര്‍ണത്തില്‍ പൊതിഞ്ഞ് കതിര്‍മണ്ഡപത്തിലേക്കു കയറ്റുന്ന ധൂര്‍ത്തിന്‍െറ സംസ്കാരം കേരളത്തില്‍ വളര്‍ന്നുവരികയാണ്. ഇതിനെതിരായ ചിന്തയും പ്രവര്‍ത്തനവുമുണ്ടാകണം. മനുഷ്യനെ നേരിന്‍െറ പാതയിലേക്കു നയിച്ച വെളിച്ചമായിരുന്നു ഗുരു. നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ഹിന്ദുക്കളുടെ കൂട്ടായ്മ എസ്.എന്‍.ഡി.പി യോഗത്തിന്‍െറ പ്രഖ്യാപിത ലക്ഷ്യമാണെന്ന് യോഗം വൈസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. സമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ, തൊഴില്‍ സ്ഥാപനങ്ങളും ഭൂമിയും മുസ്ലിം, ക്രിസ്ത്യന്‍ മതങ്ങള്‍ക്കായി അടിയറ വെക്കുകയാണ് സര്‍ക്കാറുകളും രാഷ്ട്രീയ പാര്‍ട്ടികളും. 100 രൂപയില്‍ 95 രൂപയും മത ന്യൂനപക്ഷങ്ങള്‍ക്ക് എന്നതാണ് കേരളത്തിലെ മാറിവരുന്ന സര്‍ക്കാറുകളുടെ നയം. മുക്രികള്‍ക്കുപോലും സര്‍ക്കാര്‍ പണം കൊണ്ട് പെന്‍ഷന്‍കൊടുക്കുന്നു. സര്‍ക്കാറിന്‍െറ തൊഴില്‍ പരിശീലന സ്ഥാപനങ്ങളില്‍ 50 ശതമാനവും മത ന്യൂനപക്ഷങ്ങള്‍ക്കു കൊടുക്കുന്നു. ഈഴവ സമുദായത്തെ പാടെ അവഗണിക്കുന്ന നയമാണ് രാഷട്രീയക്കാരുടേതെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. യോഗം പത്തനംതിട്ട യൂനിയന്‍ ചെയര്‍മാന്‍ കെ. പത്മകുമാര്‍, ആന്‍േറാ ആന്‍റണി എം.പി, കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ എ. സുരേഷ്കുമാര്‍, ജില്ലാ പൊലീസ് ചീഫ് ടി. നാരായണന്‍, യോഗം പത്തനംതിട്ട യൂനിയന്‍ വൈസ് പ്രസിഡന്‍റ് സുനില്‍ മംഗലത്ത്, സെക്രട്ടറി സി.എന്‍. വിക്രമന്‍, ഇന്‍സ്പെക്ടിങ് ഓഫിസര്‍ ടി.പി. സുന്ദരേശന്‍ എന്നിവര്‍ സംസാരിച്ചു. ചിറ്റാര്‍: ചിറ്റാര്‍ പഞ്ചായത്തിലെ വിവിധ എസ്.എന്‍.ഡി.പി ശാഖകളുടെ നേതൃത്വത്തില്‍ സാംസ്കാരിക ഘോഷയാത്ര നടത്തി. കാരികയം ശ്രീനാരായണഗിരിയില്‍നിന്ന് ആരംഭിച്ച ഘോഷയാത്ര ചിറ്റാര്‍ എസ്.എന്‍.ഡി.പി ശാഖാ അങ്കണത്തില്‍ സമാപിച്ചു. തുടര്‍ന്നുനടന്ന സാംസ്കാരിക സമ്മേളനം റാന്നി യൂനിയന്‍ പ്രസിഡന്‍റ് വസന്തകുമാര്‍ ഉദ്ഘാടനം ചെയ്തു. ചിറ്റാര്‍ ശാഖാ പ്രസിഡന്‍റ് ശശിധരന്‍ അധ്യക്ഷതവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.