അടൂര്‍: കെ.എസ്.ആര്‍.ടി.സി അടൂര്‍ ഡിപ്പോയില്‍ ഡ്രൈവര്‍മാരുടെ കുറവുകാരണം ഷെഡ്യൂളുകള്‍ കൂട്ടത്തോടെ മുടങ്ങുന്നു. ഞായറാഴ്ച മുടങ്ങിയത് 18 ഷെഡ്യൂളുകളാണ്. ഫാസ്റ്റ് പാസഞ്ചര്‍ സര്‍വിസുകളും ചെയിന്‍ സര്‍വിസുകളും ഉള്‍പ്പെടെയാണ് മുടങ്ങിയത്. ഡ്രൈവര്‍മാര്‍ അവധിയെടുത്തതാണ് ഇത്രയും സര്‍വിസുകള്‍ മുടങ്ങാന്‍ കാരണമെന്ന് പറയുന്നു. ഞായറാഴ്ച പതിനഞ്ചോളം ഡ്രൈവര്‍മാര്‍ കുറവുണ്ടായിരുന്നതായാണ് ഡിപ്പോയില്‍നിന്ന് ലഭിച്ച വിവരം. ഡ്രൈവര്‍മാരുടെ കുറവുകാരണം ഉത്രാട ദിനത്തില്‍ തുടങ്ങിയ ഷെഡ്യൂളുകള്‍ റദ്ദാക്കല്‍ ഞായറാഴ്ചയും തുടര്‍ന്നു. തിരുവനന്തപുരം-കോട്ടയം ഫാസ്റ്റ്, മണ്ണടി-തലക്കുളം ഇന്‍റര്‍ സ്റ്റേറ്റ് സര്‍വിസ്, അടൂര്‍-ചക്കുളത്തുകാവ്, കൊല്ലം-പത്തനംതിട്ട ചെയിന്‍, കുന്നിക്കോട്-പുനലൂര്‍, പന്തളം-കൊട്ടാരക്കര, പത്തനാപുരം-ആലപ്പുഴ, അടൂര്‍, വയലാ-കരുനാഗപ്പള്ളി, പട്ടാഴിചന്ത, കുന്നിക്കോട് -പുനലൂര്‍, കൊട്ടാരക്കര, കരുനാഗപ്പള്ളി, ചെറുലയം പന്തളം, തെങ്ങമം, കൊട്ടാരക്കര, പന്തളം എന്നീ സര്‍വിസുകളാണ് മുടങ്ങിയത്. ഓണത്തിരക്കിനിടെ 18 സര്‍വിസുകള്‍ മുടങ്ങിയത് ഡിപ്പോയില്‍ എത്തിയ യാത്രക്കാരെ വലച്ചു. ഗ്രാമീണ റൂട്ടുകളിലുള്ള യാത്രാക്കാരാണ് ഏറെ ബുദ്ധിമുട്ടിലായത്. ബസുകള്‍ കുറവായതിനാല്‍ യാത്രക്കാര്‍ മണിക്കൂറുകളോളം കാത്തു നില്‍ക്കേണ്ടിയും വന്നു. ഓണത്തിരക്ക് പരിഗണിച്ച് ഗാരേജില്‍ കയറ്റിയിട്ടിരുന്ന ബസുകള്‍ എല്ലാം അറ്റകുറ്റപ്പണി കഴിഞ്ഞ് പുറത്തിറക്കിയെങ്കിലും ഡ്രൈവര്‍മാരുടെ കുറവുകാരണം ഓണത്തിന് ഷെഡ്യൂളുകള്‍ ഓടിക്കാന്‍ കഴിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.