വോട്ടര്‍പട്ടിക ഫോട്ടോസ്റ്റാറ്റ് എടുത്തതില്‍ ഗ്രാമപഞ്ചായത്തുകളില്‍ ക്രമക്കേട്

പത്തനംതിട്ട: കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മറ്റും നല്‍കാന്‍ വോട്ടര്‍ പട്ടികയുടെ കോപ്പി എടുത്തതില്‍ ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ വ്യാപകമായി അഴിമതി നടത്തിയതായി വിവരാവകാശ രേഖ. വിവരാവകാശ പ്രവര്‍ത്തകനായ ചിറ്റാര്‍ പ്രസന്നന് വിവിധ പഞ്ചായത്തുകളില്‍നിന്ന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. സ്വന്തമായി ഫോട്ടോസ്റ്റാറ്റ് മെഷീനുകള്‍ ഉള്ളപ്പോഴാണ് സ്വകാര്യ സ്ഥാപനങ്ങളെ തേടി പഞ്ചായത്തുകള്‍ സമീപ ജില്ലയിലേക്ക് പോയത്. ആലപ്പുഴ ജില്ലയിലെ എലഗെന്‍റ് എന്ന സ്ഥാപനത്തില്‍നിന്നാണ് മിക്ക പഞ്ചായത്തുകളും കോപ്പി എടുത്തിരിക്കുന്നത്. ഈ സ്ഥാപനത്തില്‍നിന്ന് പല പഞ്ചായത്തുകളും പല നിരക്കിലാണ് ഫോട്ടോസ്റ്റാറ്റ് എടുത്തിരിക്കുന്നത്. പന്തളം, കോന്നി, പുറമറ്റം പഞ്ചായത്തുകള്‍ 90 പൈസക്ക് ഒരു വശം പ്രിന്‍റ് എടുത്തപ്പോള്‍ ഒരു രൂപ 50 പൈസയും ഒരു രൂപ 90 പൈസയുമാണ് മല്ലപ്പുഴശ്ശേരി, കടമ്പനാട് പഞ്ചായത്തുകള്‍ നല്‍കിയിരിക്കുന്നത്. സമാനരീതിയിലാണ് മറ്റ് പഞ്ചായത്തുകളും പ്രിന്‍റ് എടുത്തിട്ടുള്ളത്. 50 പൈസക്കുപോലും പത്തനംതിട്ടയില്‍ പ്രിന്‍റ് എടുത്ത് നല്‍കുന്ന സ്ഥാപനങ്ങള്‍ നിരവധിയുണ്ട്. ജില്ലയിലെ അയിരൂര്‍ പഞ്ചായത്ത് 80 പൈസക്ക് തൊട്ടടുത്ത സ്ഥലമായ ചെറുകോല്‍പുഴയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍നിന്ന് പ്രിന്‍റ് എടുത്തത് ഇതിന് ഉദാഹരണമാണ്. പ്രിന്‍റ് എടുക്കാന്‍ ആലപ്പുഴക്ക് പോയതിന്‍െറ ചെലവുകള്‍ കൂടി കണക്കാക്കുമ്പോള്‍ ഫോട്ടോസ്റ്റാറ്റ് ഇനത്തില്‍ പഞ്ചായത്തുകളില്‍ നല്ളെ്ളാരു തുകയുടെ ക്രമക്കേടാണ് നടന്നിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.