കോന്നിയിലെ ടൂറിസം നാടിന്‍െറ വികസനത്തിന് വഴിതെളിക്കും –മന്ത്രി അടൂര്‍ പ്രകാശ്

കോന്നി: കോന്നി കേന്ദ്രീകരിച്ച് നടപ്പാക്കുന്ന വിവിധ ടൂറിസം പദ്ധതികള്‍ നാടിന്‍െറ സമഗ്ര വികസനത്തിന് വഴിതെളിക്കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. കാട്ടാത്തി-ചെളിക്കല്‍ ഇക്കോ ടൂറിസം പദ്ധതിയും ജീപ്പ് സഫാരിയും കോന്നി ആനത്താവളത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോന്നിയിലെ ടൂറിസം പദ്ധതികള്‍ വിജയകരമാകുമ്പോള്‍ അതിന്‍െറ പ്രയോജനം പ്രദേശവാസികള്‍ക്ക് ലഭിക്കുകയും സാമൂഹികമായും സാമ്പത്തികമായും മേഖല ഉന്നതി നേടുകയും ചെയ്യും. കോന്നിയിലെ കാഴ്ചകള്‍ ജനങ്ങളിലത്തെിക്കുകയാണ് പദ്ധതികളുടെ ലക്ഷ്യം. ആനത്താവളം, അടവി കുട്ടവഞ്ചി തുടങ്ങിയ പദ്ധതികള്‍ ടൂറിസം ഭൂപടത്തില്‍ കോന്നിക്ക് പ്രത്യേക ഇടം നല്‍കിക്കഴിഞ്ഞു. ഗജവിജ്ഞാനോത്സവം 20 മുതല്‍ 24വരെ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കോന്നിയില്‍ നടത്തുകയാണ്. 21 മുതല്‍ 23വരെ അടവി ഫെസ്റ്റ് നടക്കും. കുട്ടവഞ്ചി സഞ്ചാരം വലിയ ജനശ്രദ്ധ നേടിയിട്ടുണ്ട്. ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 40 ലക്ഷം രൂപയാണ് വരുമാനം. ആനക്കൂട്ടില്‍ എത്തുന്നവരുടെ എണ്ണവും വര്‍ധിച്ചു. കഴിഞ്ഞ ഒരു വര്‍ഷം 36 ലക്ഷം രൂപ ആനക്കൂട് സഞ്ചാരികളില്‍നിന്ന് വരുമാനമായി ലഭിച്ചു. ഈ രണ്ടു ടൂറിസം പദ്ധതികളില്‍നിന്ന് ഒരു കോടി വരുമാനം അധികം താമസിയാതെ ലഭിക്കുമെന്നാണ് വിശ്വാസമെന്ന് മന്ത്രി പറഞ്ഞു. കാട്ടാത്തി-ചെളിക്കല്‍ വനയാത്രാ സഞ്ചാരികളുടെ ആദ്യ വാഹനം മന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു. രണ്ടാമത്തെ വാഹനം മന്ത്രി ഡ്രൈവ് ചെയ്ത് തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.ആര്‍. ഹരിദാസ് ഇടത്തിട്ട അധ്യക്ഷത വഹിച്ചു. കലക്ടര്‍ എസ്. ഹരികിഷോര്‍, ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍, കോന്നി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എലിസബത്ത് അബു, കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബാബു വെളിയത്ത്, അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്‍റ് ദീപ സനോജ്, കോന്നി ബ്ളോക് പഞ്ചായത്ത് അംഗം ചിറ്റൂര്‍ ശങ്കര്‍, ഗ്രാമപഞ്ചായത്ത് അംഗം കെ. ശാന്തമ്മ, കോന്നി ഡി.എഫ്.ഒ ടി. പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.