ഇനി ഇവിടം സ്വര്‍ഗമാവും...

പാലക്കാട്: വനവത്കരണം പ്രസംഗത്തില്‍ മാത്രം ഒതുങ്ങുന്ന കാലത്ത് പ്രാവര്‍ത്തികമാക്കുകയാണ് ചിറ്റൂര്‍ വിളയോടി നമ്പൂരിച്ചള്ളയിലെ ഹരി-സിത്താര ദമ്പതികള്‍. സ്വന്തം പേരിലുള്ള രണ്ടര ഏക്കര്‍ തരിശുഭൂമി വനവത്കരണത്തിനായി വിട്ടുനല്‍കിയിരിക്കയാണ് ഇവര്‍. ആദ്യ മരത്തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തത് ഇവരുടെ മകന്‍ ആദര്‍ശ് കൃഷ്ണയാണ്. പാലക്കാട്ടെ പ്രകൃതി സ്നേഹികളുടെയും മരം വെച്ചുപിടിപ്പിക്കുന്നവരുടെ കൂട്ടായ്മയുടെയും സഹകരണത്തോടെയാണ് ഇവര്‍ വനവത്കരണത്തിന് തുടക്കം കുറിച്ചത്. ഇവര്‍ക്കുവേണ്ട നിര്‍ദേശങ്ങളും വൃക്ഷത്തൈകളും എത്തിച്ച് നല്‍കിയത് പോണ്ടിച്ചേരി ഓറാ വില്ല ഫൗണ്ടേഷനിലെ ആരണ്യ ഫോറസ്റ്റ് ആന്‍ഡ് സാങ്ച്വറിയിലെ ശരവണനും സംഘവുമാണ്. മറ്റു സംഘടനകളുടെയും ശാസ്ത്രജ്ഞരുടെയും സഹായത്തോടെ ഇവിടെ ഒരു ജൈവ വൈവിധ്യ രജിസ്റ്റര്‍ തയാറാക്കുകയാണ് പദ്ധതിയുടെ അടുത്ത ഘട്ടം. അഞ്ച് വര്‍ഷംകൊണ്ട് ഇവിടം ഗവേഷണ യോഗ്യമായ വനമാക്കി മാറ്റുകയാണ് ലക്ഷ്യം. സര്‍ക്കാറിന്‍െറ കൈവശമുള്ള തരിശു ഭൂമികളും സ്വാഭാവിക വനമാക്കുന്നതിനുള്ള അപേക്ഷയുമായി സര്‍ക്കാറിനെ സമീപിക്കാന്‍ പദ്ധതിക്ക് നേതൃത്വം നല്‍കുന്നവര്‍ തീരുമാനിച്ചിട്ടുണ്ട്. വൈല്‍ഡ്ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദക്ഷിണേന്ത്യന്‍ കോഓഡിനേറ്ററായ എസ്. ഗുരുവായൂരപ്പന്‍, പ്രകൃതി മിത്ര ശ്യാം തേങ്കുറിശ്ശി, വൈശാഖ് കൃഷ്ണന്‍ എന്നിവര്‍ മരം നടലിന് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.