മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1.10 ഏക്കർ ഭൂമി നൽകി

ഒറ്റപ്പാലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 1.10 ഏക്കർ ഭൂമി ദാനം ചെയ്ത് തൃക്കടീരി ആശാരിത്തൊടി അലവി എന്ന കുഞ്ഞാപ്പയുടെ മകൻ അബ്ദുഹാജി (68) വേറിട്ട മാതൃകയായി. ഒറ്റപ്പാലം താലൂക്ക് സഭാഹാളിൽ ചൊവ്വാഴ്ച മന്ത്രി എ.കെ. ബാലൻ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾ ചെക്കായും മറ്റും സ്വീകരിക്കുന്നതിനിടയിലാണ് ലക്ഷങ്ങൾ വിലമതിക്കുന്ന അബ്ദുഹാജിയുടെ ഭൂദാനം. നെല്ലായ പഞ്ചായത്തിലും വില്ലേജിലും ഉൾപ്പെട്ട മാരായമംഗലത്ത് പത്തുവർഷം മുമ്പ് വില കൊടുത്തുവാങ്ങിയ സ്ഥലമാണ് ദാനം നൽകാൻ അബ്ദുഹാജി സ്വയം സന്നദ്ധനായത്. പ്രളയത്തി‍​െൻറ ദുരിതക്കാഴ്ചകൾ ചാനലുകളിൽ കാണാൻ ഇടയായതാണ് ഇങ്ങനെ ഒരു തീരുമാനത്തിലെത്തിച്ചതെന്ന് അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു. 1968 മുതൽ എട്ടുവർഷം മുബൈയിൽ ഇളനീർ കച്ചവടവും 76 മുതൽ 83 വരെ ഗൾഫിൽ ജോലിയുമായിക്കഴിഞ്ഞ അബ്ദുഹാജി നാട്ടിലെത്തി മറ്റൊരാളുടെ പങ്കാളിത്തത്തോടെ തൃക്കടീരിയിൽ ബർക്കത്ത് ഹോളോബ്രിക്സ് എന്ന സ്ഥാപനം നടത്തിവരുകയാണ്. തുടർന്നാണ് ഭൂമി സ്വന്തമാക്കിയത്. ആവശ്യങ്ങൾ പൂർത്തീകരിച്ചിട്ടല്ല ദാനത്തിന് തയാറായതെന്നും അർഹരായവർ ചുറ്റുവട്ടങ്ങളിൽത്തന്നെ ഉണ്ടെന്നിരിക്കെ പ്രളയക്കെടുതിയുടെ ഭയാനകതയാണ് സർക്കാർ തലത്തിൽ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനത്തോടൊപ്പം നിൽക്കാൻ പ്രേരണയായതെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവർക്ക് തലചായ്ക്കാൻ അവസരം ലഭിക്കണമെന്ന ആഗ്രഹത്താലാണ് ഇതെന്നും ലക്ഷ്യം സഫലമായി കാണണമെന്നും അൽപ്പം ഉയർന്ന പ്രദേശമായതിനാൽ ഭാവിയിൽ പ്രളയഭയം വേണ്ടെന്നും അബ്ദുഹാജി പറയുന്നു. ഭാര്യ ഖദീജയും മക്കളായ ഫൈസൽ, ഷബീർ, ഷമീർ, സജീന എന്നിവരും പിന്തുണ നൽകി. സ്വന്തമായി സ്ഥലമില്ലാത്തതാണ് നിർധനർ നേരിടുന്ന പ്രശ്നമെന്നും സ​െൻറിന് അരലക്ഷം രൂപ വരുന്ന ഇദ്ദേഹത്തി‍​െൻറ സംഭാവന ശേഷിയുള്ളവർ മാതൃകയാക്കിയാൽ പാവപ്പെട്ടവരുടെ പാർപ്പിട സൗകര്യം ഏർപ്പെടുത്തൽ എളുപ്പമാകുമെന്നും മന്ത്രി എ.കെ. ബാലൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.