തേഞ്ഞിപ്പലം: പാണമ്പ്ര വളവിലെ അനാശാസ്യ കേന്ദ്രത്തിൽ നടക്കുന്ന കഞ്ചാവ് വിൽപന എക്സൈസ് വകുപ്പ് പിടികൂടിയെങ്കിലും തുടരന്വേഷണം പാതിവഴിയിൽ ഉപേക്ഷിച്ചെന്ന് ആരോപണം. സ്കൂൾ, കോളജ് വിദ്യാർഥികളെ കേന്ദ്രീകരിച്ച് ലഹരിവിൽപന നടത്തുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് സൂചന. സംഭവസ്ഥലത്ത് നിന്ന് മൂന്ന് കിലോ കഞ്ചാവുമായി രണ്ട് പേരെയാണ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. പിടിയിലായവർക്ക് ഉന്നതങ്ങളിലുള്ള ബന്ധം കേസ് തേച്ച് മായ്ച്ച് കളയാൻ സാധ്യതയുണ്ടെന്നാണ് സൂചന. മൂന്ന് വർഷത്തിലധികമായി ഇവിടെ അനാശാസ്യ-കഞ്ചാവ് കേന്ദ്രം പ്രവർത്തിക്കുന്നുണ്ടെന്ന കാര്യം നാട്ടുകാർ പലതവണ അധികൃതർ മുമ്പാകെ പരാതിപ്പെട്ടിട്ടും തേഞ്ഞിപ്പലം പൊലീസ് നടപടി സ്വീകരിക്കാതിരുന്നത് കഞ്ചാവ് ലോബിക്കുള്ള ഉന്നതബന്ധമാണ് വ്യക്തമാക്കുന്നത്. തേഞ്ഞിപ്പലത്ത് ലഹരി ഉൽപന്നങ്ങൾ പിടികൂടിയ സാഹചര്യത്തിൽ സെപ്റ്റംബർ 14ന് എക്സൈസ് വകുപ്പിെൻറയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചതായി പി. അബ്ദുൽ ഹമീദ് എം.എൽ.എ അറിയിച്ചു. എന്നാൽ, രണ്ട് പേർ അറസ്റ്റിലായ ശേഷം കഴിഞ്ഞ ദിവസം പൊലീസ് അനാശാസ്യകേന്ദ്രം പൂട്ടി. ഇവിടെ പ്രവർത്തിക്കുന്ന വാടക കെട്ടിടത്തിന് പഞ്ചായത്ത് ലൈസൻസ് ഇല്ലെന്നാണ് അധികൃതരിൽനിന്ന് ലഭിച്ച വിവരം. ആളുകൾ ശ്രദ്ധിക്കപ്പെടാത്ത ദേശീയപാതയോരത്തെ കാടിനുള്ളിലായതിനാലാണ് അനാശാസ്യത്തിനും കഞ്ചാവ് വിൽപനക്കും സഹായകരമാവുന്നത്. കഞ്ചാവ് കേസിൽ വിതരണക്കാരനെന്ന് സംശയിക്കുന്ന തേഞ്ഞിപ്പലം സ്വദേശിയായ ഒരാളെ കൂടി എക്സൈസ് പിടികൂടി. നേരത്തെ പിടികൂടിയ രണ്ട് പേരിൽനിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിലാണിത്. സർവകലാശാല കാമ്പസിനുള്ളിൽ നിന്നാണ് ഇയാളെ പിടികൂടിയത്. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ്-മയക്കുമരുന്ന് സംഘം സജീവമാണെന്ന തെളിവുകൾ നേരത്തെ തന്നെ ലഭിച്ചിരുന്നു. ചേളാരി ഹയർ സെക്കൻഡറി സ്കൂൾ, കോഹിനൂർ എൻജിനീയറിങ് കോളജ്, യൂനിവേഴ്സിറ്റി ഹയർ സെക്കൻഡറി സ്കൂൾ, യൂനിവേഴ്സിറ്റി പഠനവിഭാഗങ്ങൾ എന്നിവയുൾപ്പെടെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിനാൽ പൊലീസ്, എക്സൈസ് വകുപ്പ് ജാഗ്രത അനിവാര്യമാണെന്ന് രക്ഷിതാക്കൾ പറയുന്നു. സന്ധ്യയായാൽ പ്രദേശത്തെ കുറ്റിക്കാടുകളിൽ കഞ്ചാവ് പുകയുന്നത് പതിവ് കാഴ്ചയാണ്. ചേളാരി, കോഹിനൂർ, യൂനിവേഴ്സിറ്റി എന്നിവിടങ്ങളിൽ ഇത്തരം സംഘങ്ങളുടെ പ്രത്യേക ക്യാമ്പ് തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന വിവരമാണ് നാട്ടുകാർ നൽകുന്നത്. അജ്ഞാതരായ ചിലർ ബൈക്കിലെത്തുന്നത് നിത്യകാഴ്ചയാണ്. സർവകലാശാലാ കാമ്പസിലെ കുറ്റിക്കാടുകളിൽനിന്ന് ഒരു മാസം മുമ്പ് കഞ്ചാവ് പൊതികൾ കാട് വെട്ടുന്ന തൊഴിലാളികൾക്ക് ലഭിച്ചിരുന്നു. വ്യക്തമായ വിവരങ്ങളുണ്ടായിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതാണ് മയക്കുമരുന്ന് ലോബിക്ക് സഹായകമാവുന്നത്. ഇത്തരക്കാർക്ക് കടിഞ്ഞാണിടാനാണ് എം.എൽ.എ യോഗം വിളിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.