ദേശീയപാത: സ്വാഗതമാട്^പാലച്ചിറമാട് ബൈപാസ് വേണ്ട; ഉദ്യോഗസ്ഥർക്ക് മുന്നിൽ ആശങ്ക പങ്കുവെച്ച് നാട്ടുകാർ

ദേശീയപാത: സ്വാഗതമാട്-പാലച്ചിറമാട് ബൈപാസ് വേണ്ട; ഉദ്യോഗസ്ഥർക്ക് മുന്നിൽ ആശങ്ക പങ്കുവെച്ച് നാട്ടുകാർ കോട്ടക്കല്‍: ദേശീയപാത വികസന ഭാഗമായി സ്വാഗതമാട് മുതല്‍ പാലച്ചിറമാട് വരെയുള്ള ബൈപാസ് നിർമാണം ഉപേക്ഷിക്കണമെന്ന് ഡെപ്യൂട്ടി കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ എടരിക്കോട്, പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ ഭൂമി നഷ്ടപ്പെടുന്നവര്‍ ആവശ്യപ്പെട്ടു. ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്നവരുടെ ആശങ്കകൾ പരിഹരിക്കാനും പരാതി കേൾക്കാനുമായി ജില്ല ഭരണകൂടം വിളിച്ചുചേർത്ത യോഗത്തിലാണ് ആവശ്യം. പദ്ധതിയുടെ ഭാഗമായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തി തടയുമെന്നും ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി. നൂറുകണക്കിന് വീടുകളും ഏക്കർ കണക്കിന് പാടശേഖരങ്ങളും ആരാധനാലയങ്ങളും തണ്ണീര്‍ത്തടങ്ങളുമാണ് നഷ്ടപ്പെടുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. 80ലധികം വീടുകളും പാടശേഖരവുമാണ് ചെറുശ്ശോല, പാലച്ചിമാട് ഭാഗങ്ങളിൽ നഷ്ടപ്പെടുക. യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ ഡോ. അരുണ്‍ ഇരകളുടെ ആവലാതികൾ കേട്ടു. പരാതികൾ സർക്കാറിന് മുന്നിൽ അവതരിപ്പിക്കാമെന്നും കൃത്യമായ നഷ്ടപരിഹാരം നൽകിയ ശേഷമേ പ്രവൃത്തികൾ തുടങ്ങുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. എടരിക്കോട് ജി.യു.പി സ്കൂളിലായിരുന്നു യോഗം. ലൈസന്‍ ഓഫിസര്‍ പി.പി.എം. അശ്റഫ്, എടരിക്കോട് പഞ്ചായത്ത് പ്രസിഡൻറ് ഷൈബ മണമ്മല്‍, പെരുമണ്ണ ക്ലാരി പഞ്ചായത്ത് പ്രസിഡൻറ് പി. ഫാത്തിമ, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ സി.കെ.എ. റസാഖ്, എടരിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.ടി. സുബൈര്‍ തങ്ങള്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.