തിരൂരങ്ങാടി: പുഴയിലെ ശക്തമായ ഒഴുക്കിൽ കുളിക്കാനിറങ്ങരുതെന്ന വിലക്കിനു പുല്ലുവില. താനൂർ, പരപ്പനങ്ങാടി നഗരസഭകളും നന്നമ്പ്ര ഗ്രാമപഞ്ചായത്തും അതിർത്തി പങ്കിടുന്ന കീരനല്ലൂർ ന്യൂകട്ട് പാറയിലാണ് ദുരന്തം ആവർത്തിക്കുന്നത്. മുന്നറിയിപ്പുകൾ അവഗണിച്ച് ന്യൂകട്ട് പാറയിൽ കുളിക്കാനിറങ്ങിയ താനൂർ സ്വദേശി പരേതനായ മേലെ കളത്തിൽ ഹംസക്കുട്ടിയുടെ മകൻ അലി അക്ബർ (22) ഒഴുക്കില്‍പ്പെട്ടു മുങ്ങിമരിച്ചതോടെ ഇവിടെ മരിച്ചവരുടെ എണ്ണം നാലായി. മഴ ശക്തമായതോടെ പുഴയിൽ ഒഴുക്ക് ശക്തമായ പാറയിൽ ഭാഗത്ത് പുഴയിലിറങ്ങുന്നത് വിലക്കിയതാണ്. എന്നാൽ, ഇത് അവഗണിച്ചാണ് വിദ്യാർഥികളടക്കമുള്ളവർ ശക്തമായ ഒഴുക്കിൽ കുളിക്കാനിറങ്ങുന്നത്. താനൂർ ഭാഗത്തുള്ളവരാണ് കൂടുതലും വെള്ളത്തിലിറങ്ങുന്നത്. പുഴയിലിറങ്ങുന്നത് നാട്ടുകാർ വിലക്കാറുണ്ടെങ്കിലും അതൊന്നും ഗൗനിക്കാതെ നാട്ടുകാർക്ക് നേരെ തട്ടിക്കയറുന്നതും പതിവാണ്. മുമ്പും നിരവധി പേർ ഇവിടെ ഒഴുക്കിൽപ്പെട്ടിട്ടുണ്ട്. നാട്ടുകാരുടെ അവസരോചിത ഇടപെടൽമൂലമാണ് ഇവർ രക്ഷപ്പെടാറുള്ളത്. വെഞ്ചാലികാപ്പ്, നന്നമ്പ്ര മോര്യകാപ്പ്, കടലുണ്ടിപ്പുഴ എന്നിവയിൽ നിന്നുള്ള വെള്ളം പാറയിൽ വഴി പൂരപ്പുഴയിലൂടെയാണ് കടലിലേക്കൊഴുക്കുന്നത്. മൂർച്ചയേറിയ പാറക്കൂട്ടങ്ങളും പാറയിടുക്കുകളുമുള്ള ഈ ഭാഗത്ത് ഒഴുക്ക് ശക്തമായ സമയത്ത് പുഴയിലിറങ്ങുന്നതും കുളിക്കുന്നതും ഏറെ അപകടകരമാണ്. ടൂറിസം മേഖലയായി പ്രഖ്യാപിക്കപ്പെട്ട ഈ പ്രദേശത്തേക്ക് വിവിധയിടങ്ങളിൽനിന്ന് ഒഴിവുസമയം ചെലവഴിക്കാൻ നിരവധി പേർ ഇവിടെ സഞ്ചാരികളായെത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.