കൊല്ലങ്കോട്: മലബാർ സിമൻറ്സ് ജീവനക്കാരനായിരുന്ന വി. ശശീന്ദ്രെൻറയും മക്കളുടെയും ദുരൂഹമരണത്തിനിടയാക്കിയ അഴിമതി സി.ബി.ഐ അന്വേഷിക്കേണ്ടെന്ന ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സഹോദരൻ ഡോ. വി. സനൽകുമാർ. ശശീന്ദ്രെൻറ മരണകാര്യത്തിലല്ലാതെ മലബാർ സിമൻറ്സ് അഴിമതി സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശശീന്ദ്രെൻറ അച്ഛൻ വേലായുധനോ ആക്ഷൻ കൗൺസിലിന് വേണ്ടി ജോയ് കൈതാരമോ ഇതുവരെ സുപ്രീംകോടതിയെ സമീപിച്ചിട്ടില്ല. എന്നാൽ, അഴിമതി സി.ബി.ഐ അന്വേഷിക്കേണ്ടെന്ന് സുപ്രീംകോടതി ഉത്തരവ് നിലവിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി കേസ് തള്ളിയത്. വിധി പകർപ്പുകിട്ടിയ ശേഷം തുടർനടപടി സ്വീകരിക്കുമെന്നും സനൽകുമാർ പറഞ്ഞു. അഴിമതിയന്വേഷണം സി.ബി.ഐക്ക് വിടണമെന്ന സംസ്ഥാന സർക്കാറിെൻറ കുറിപ്പുകൾ, നിയമസഭ മറുപടി, പൊലീസ് മേധാവിയുടെയും വിജിലൻസ് ഡയറക്ടറുടെയും കത്തുകൾ, മുൻ എം.ഡി സുന്ദരമൂർത്തിയുടെയും മറ്റും 164 പ്രകാരമുള്ള മൊഴി പകർപ്പുകൾ എന്നിവ ഉൾപ്പെടുത്തി സഹോദരൻ സമർപ്പിച്ച രണ്ട് അനുബന്ധ ഹർജികൾ ഈ കേസിനോടൊപ്പം വിധിന്യായത്തിൽ വരാത്തത് ഉൽകണ്ഠപ്പെടുത്തുന്നതായി ബന്ധുക്കൾ പറയുന്നു. കേസുകൾ അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി സംശയിക്കുന്നതായും അവർ ആരോപിച്ചു. ശശീന്ദ്രൻ കേസിൽ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രം തള്ളി പുനരന്വേഷണം നടത്തണമെന്ന ഹർജിയും തീർപ്പാക്കിയിട്ടില്ല. പ്രധാന സാക്ഷികളായ ഭാര്യ ടീന, മലബാർ സിമൻറ്സ് ജീവനക്കാരൻ സതീന്ദ്രകുമാർ, അയൽവാസി, ഗേറ്റ് കീപ്പർ എന്നിവരും ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടിട്ടും ഭരണകൂടവും നീതിപീഠവും കണ്ണുതുറക്കാത്തത് വേദനിപ്പിക്കുന്നതായി സനൽകുമാർ പറഞ്ഞു. ഹൈകോടതിയിൽനിന്നും വിജിലൻസ് കോടതിയിൽനിന്നും അഴിമതി അന്വേഷണ ഫയലുകൾ കാണാതായപ്പോൾ ആശങ്ക ഉണ്ടായിരുന്നു. പിന്നിൽ ഉന്നതതല ഗൂഢാലോചനയുണ്ടെന്നും ആക്ഷൻ കൗൺസിൽ ചെയർമാൻ ജോയ് കൈതാരം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.