പത്തനാപുരത്തെ വെള്ളക്കെട്ട് നീക്കിയിട്ടും നീങ്ങുന്നില്ല

അരീക്കോട്: പത്തനാപുരം ചുങ്കത്തെ വെള്ളക്കെട്ട് നീക്കാനുള്ള ഫയർഫോഴ്‌സ് അധികൃതരുടെ നീക്കവും വിജയിച്ചില്ല. പാണാംകുളം ഭാഗത്തെ വെള്ളം ഒഴുകാനായി മുക്കം-അരീക്കോട് റോഡിന് കുറുകെ ദശാബ്ധങ്ങൾക്ക് മുമ്പ് സ്ഥാപിച്ച സിമൻറ് പൈപ്പ് അടഞ്ഞതാണ് പ്രശ്ന കാരണം. ഇതുകാരണം വീടുകളും പഞ്ചായത്ത് കിണറടക്കം മൂന്ന് കിണറുകളും പൊടിമില്ല്, ആക്രിക്കട തുടങ്ങിയവയും വെള്ളത്തിലാവുകയും വെസ്റ്റ് പത്തനാപുരത്തേക്ക് റോഡ് മൂടി ഗതാഗതം മുടങ്ങുകയും ചെയ്ത അവസ്ഥയിലാണ്. 15 മീറ്ററോളം താഴ്ചയിൽ മണ്ണ് നീക്കി പൈപ്പിൽ അടിഞ്ഞ മാലിന്യം നീക്കാൻ നാട്ടുകാർ നടത്തിയ ശ്രമം പരാജയപ്പെടുകയായിരുന്നു. ഇതേതുടർന്നാണ് നാട്ടുകാർ ജില്ല കലക്ടറെ കണ്ട് നിവേദനം നൽകിയത്. ഇതിനിടെ, ശനിയാഴ്ച ഫയർഫോഴ്‌സ് അധികൃതരെത്തി സിമൻറ് പൈപ്പിനകത്തേക്ക് ശക്തിയിൽ വായുപ്രവാഹം നൽകി മാലിന്യം നീക്കാൻ നടത്തിയ ശ്രമവും വിജയിച്ചിട്ടില്ല. വെള്ളം നീക്കാനുള്ള ശ്രമം ശനിയാഴ്ച നടക്കുന്ന നേരത്താണ് ജില്ല കലക്ടർ അമിത് മീണ, തഹസിൽദാർ പി. സുരേഷ് തുടങ്ങിയവരും പൊതുമരാമത്ത് അധികൃതരും സ്ഥലത്തെത്തിയത്. പ്രശ്നത്തി​െൻറ ഗൗരവം മനസ്സിലാക്കിയ കലക്ടറും മറ്റും ഗെയിൽ അധികൃതരുടെ സഹായം തേടി. കീഴുപറമ്പ് പഞ്ചായത്തിൽ പൈപ്പ് സ്ഥാപിക്കുന്ന ജോലിയിലേർപ്പെട്ട ഗെയിൽ അധികൃതർ ഉടൻ സ്ഥലത്തെത്തി. വിജയിക്കുമെന്ന് ഉറപ്പില്ലെങ്കിലും പ്രശ്നം പഠിച്ച അവർ കൈവശമുള്ള പ്രത്യേക ഉപകരണം വഴി സിമൻറ് പൈപ്പിനകത്ത് അടിഞ്ഞുകൂടിയ മാലിന്യം നീക്കാൻ ഞായറാഴ്ച രാവിലെ ശ്രമം നടത്തും. ഇതും വിജയിച്ചില്ലെങ്കിൽ 15 മീറ്ററോളം ഉയരത്തിൽ മണ്ണിട്ടുണ്ടാക്കിയ അരീക്കോട് പാലത്തി​െൻറ അപ്രോച്ച് റോഡ് കുറുകെ മാന്തി സിമൻറ് പൈപ്പ് പുറത്തെടുക്കേണ്ടി വരുമെന്ന് കലക്ടർ സൂചിപ്പിച്ചിട്ടുണ്ട്. സംസ്ഥാന പാതയുടെ ഭാഗമായ ഇവിടെ ഇത്രയും താഴ്ചയിൽ മണ്ണ് മാന്തിയാലുണ്ടാകുന്ന ഗതാഗത തടസ്സത്തെക്കുറിച്ചും അധികൃതർക്ക് ആശങ്കയുണ്ട്. ഫോട്ടോ: പത്തനാപുരത്തെ വെള്ളക്കെട്ട് നീക്കാനുള്ള ശ്രമത്തിനിടെ ജില്ല കലക്ടർ അമിത് മീണ സ്ഥലം സന്ദർശിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.