യാസിര്‍ കുറുമ്പടി ദുബൈ: മൃതദേഹം മാറിയതിനെ തുടര്‍ന്ന് അബൂദബി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന വയനാട് അമ്പലവയല്‍ സ്വദേശി പായിക്കൊല്ലി ഒതയോത്ത് ഹരിദാസെൻറ മകന്‍ നിധിെൻറ (30) ഭൗതികശരീരം ശനിയാഴ്ചയും നാട്ടിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല. അബൂദബി വിമാനത്താവളത്തിലെ ബന്ധപ്പെട്ട വകുപ്പിന് അവധിയായതിനാല്‍ യാത്രാരേഖകള്‍ സാക്ഷ്യപ്പെടുത്താന്‍ കഴിയാഞ്ഞതാണ് വൈകാനിടയാക്കിയത്. അവധി കഴിഞ്ഞ് ഞായറാഴ്ച സാക്ഷ്യപ്പെടുത്തിയ രേഖകൾ കിട്ടുന്ന മുറക്ക് രാത്രിയോടെ മൃതദേഹം കോഴിക്കോട്ടേക്ക് അയക്കാനാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ എംബസി അധികൃതര്‍ ഇന്നലെയും രേഖകള്‍ ശരിയാക്കാൻ ശ്രമങ്ങള്‍ തുടര്‍ന്നു. അബൂദബി എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ നിന്നാണ് സുപ്രധാന രേഖ സാക്ഷ്യപ്പെടുത്തി കിട്ടാനുള്ളത്. വകുപ്പ് മേധാവി സാക്ഷ്യപ്പെടുത്തി മോര്‍ച്ചറിയില്‍ എത്തിച്ചാല്‍ മാത്രമേ മൃതദേഹം ആശുപത്രി അധികൃതര്‍ വിട്ടുനല്‍കുകയുള്ളൂ. മറ്റു രേഖകളെല്ലാം ഏറക്കുറെ ശരിയായി. നേരത്തേ മൃതദേഹം കയറ്റിപ്പോയ എയര്‍ഇന്ത്യ വിമാന അധികൃതരില്‍നിന്ന് കിട്ടേണ്ട രേഖകളും ലഭ്യമായി. നിധിെൻറ വിലാസത്തില്‍ അബൂദബിയില്‍നിന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിയ മൃതദേഹം അവിടെ സ്വീകരിച്ച് ബന്ധുക്കള്‍ക്ക് കൈമാറിയെന്നാണ് നിലവില്‍ രേഖയുള്ളത്. എന്നാല്‍, മൃതദേഹം മാറി അയച്ച സാഹചര്യത്തില്‍ ഇത് വ്യക്തമാക്കുന്ന കത്താണ് എയര്‍ ഇന്ത്യയില്‍നിന്ന് ലഭിച്ചത്. അബദ്ധത്തില്‍ തമിഴ്നാട് രാമനാഥപുരം സ്വദേശി കമലാക്ഷി കൃഷ്ണെൻറ (39) മൃതദേഹമാണ് വിമാനത്തില്‍ കയറ്റി പോയതെന്നാണ് പുതിയ രേഖ. എംബാം ചെയ്ത മൃതദേഹം പെട്ടിയിലാക്കും മുമ്പ് ഒരിക്കല്‍ക്കൂടി ബന്ധുക്കളെയോ അടുത്ത ആളുകളെയോ കാണിച്ച് വ്യക്തത വരുത്തിയ ശേഷമാണ് വിമാനത്താവളത്തിലേക്ക് അയക്കാറ്. ഈ നടപടിയില്‍ വരുത്തിയ അശ്രദ്ധയാണ് മൃതദേഹം മാറാന്‍ വഴിവെച്ചതെന്നാണ് സൂചന. ഫോട്ടോ : മരിച്ച കാമാക്ഷി കൃഷ്ണന്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.