വേങ്ങര ടൗണിൽ ഗതാഗത പരിഷ്കരണ നടപടികൾ വിജയത്തിലേക്ക്

ബുധനാഴ്ച മുതൽ നടപ്പിലാക്കും -റഗുലേറ്ററി സമിതി വേങ്ങര: ഗതാഗത പരിഷ്കരണം ചില മാറ്റങ്ങളോടെ തുടരാൻ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന ട്രാഫിക്ക് റഗുലേറ്ററി സമിതി തീരുമാനിച്ചു. കഴിഞ്ഞ ദിവസം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ പരിഷ്കാരങ്ങൾ ചില മാറ്റങ്ങളോടെ മുന്നോട്ട് കൊണ്ടുപോകുന്നതിനാണ് ഇന്നലെ ചേർന്ന യോഗം തീരുമാനിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് വി.കെ. കുഞ്ഞാലൻകുട്ടി അധ്യക്ഷത വഹിച്ചു. അനധികൃത പാർക്കിങ് കർശനമായി തടയും, മാർക്കറ്റ് റോഡിൽ ഓട്ടോ പാർക്ക് ചെയ്യുന്നതും ഇരുചക്രവാഹനങ്ങളടക്കം സ്വകാര്യ വാഹനങ്ങൾ നിർത്തിയിടുന്നതും ഒഴിവാക്കാനും തീരുമാനമായി. ചേറൂർ റോഡ് വഴി വരുന്ന വാഹനങ്ങൾ ജങ്ഷനിൽനിന്ന് വലത്തോട്ട് തിരിയുന്നതിന് കുറ്റാളൂർ എം.എൽ.എ റോഡ് ജങ്ഷനിൽ യു ടേൺ ചെയ്യണം. ഓട്ടോ, ബൈക്ക് തുടങ്ങിയ ചെറിയ വാഹനങ്ങൾക്കായി ബി.എസ്.എൻ.എൽ ഓഫിസ് പരിസരത്ത് ഒരു യു ടേൺ പോയിൻറ് കൂടി അനുവദിക്കും. സാമൂഹ്യാരോഗ്യ കേന്ദ്രം, പഞ്ചായത്ത്, ബ്ലോക്ക്, പെയിൻ ആൻഡ് പാലിയേറ്റിവ് കേന്ദ്രം തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് ടൗണിൽനിന്ന് വരുന്ന വാഹനങ്ങൾ ചേറൂർ റോഡ് ജങ്ഷനു പടിഞ്ഞാറ് സി.സി മാട് റോഡിന് സമീപം യു ടേൺ ചെയ്ത് പോകണം. ഈ ഭാഗങ്ങളിൽ ബുധനാഴ്ചക്കകം ഡിവൈഡറുകൾ സ്ഥാപിക്കും. അതോടൊപ്പം ബ്ലോക്ക് റോഡ് ജങ്ഷനിൽ സിഗ്നൽ ലൈറ്റ് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുമുണ്ട്. ഊരകം പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ടി. അബ്ദുസമദ്, അഡീഷനൽ തഹസിൽദാർ (തിരൂരങ്ങാടി) പി.എ. ലത, എ.എം.വി.ഐ, വേങ്ങര എസ്.ഐ സംഗീത് പുനത്തിൽ, റഗുലേറ്ററി സമിതി അംഗങ്ങൾ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.