കുഴൽമന്ദം: സപ്ലൈകോയിൽ സബ്സിഡി ഉൽപന്നങ്ങളുടെ വിൽപന ഓൺലൈൻ വഴിയാക്കുന്നു. വിൽപന സംബന്ധിച്ച് വ്യാപക ആക്ഷേപം ഉയർന്നതോടെയാണ് സബ്സിഡി ഉൽപന്നങ്ങളുടെ ബിൽ ഓൺലൈൻ ആക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്. ഇതിനുള്ള സോഫ്റ്റ്വെയർ ഉടൻ സപ്ലൈകോ പുറത്തിറക്കും. റേഷൻകാർഡ് മുഖേനയാണ് നിലവിൽ സബ്സിഡി ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നത്. 17 നിത്യോപയോഗ ഉൽപന്നങ്ങളാണ് സബ്സിഡി നിരക്കിൽ നൽകുന്നത്. സർക്കാർ നിശ്ചയിച്ച അളവിൽ ഉപഭോക്താവിന് ലഭിക്കാത്തതടക്കം നിരവധി ക്രമക്കേട് നടക്കുന്നതായി ആക്ഷേപമുണ്ട്. സപ്ലൈകോ അധികൃതരും ഏജൻറുമാരും തമ്മിലെ ഒത്തുകളിയുടെ ഭാഗമായി പൊതുവിപണി വിലയേക്കാൾ ഉയർന്ന വിലക്ക് വാങ്ങുന്നതും ബ്രാൻഡഡ് ഉൽപന്നങ്ങൾക്ക് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തുകയും ചെയ്തത് വിമർശനത്തിന് കാരണമായിരുന്നു. ഇതേതുടർന്ന് ബ്രാൻഡഡ് ഉൽപന്നങ്ങൾ കമ്പനിയിൽനിന്ന് നേരിട്ട് വാങ്ങുന്നതിന് ധാരണയായിരുന്നു. സംസ്ഥാനത്തെ ചെറുകിട വ്യാപാര രംഗത്തെ ഏറ്റവും വലിയ ശൃംഖലയായ സപ്ലൈകോക്ക് കുറഞ്ഞ നിരക്കിൽ ഉൽപന്നങ്ങൾ നൽകണമെന്ന് മന്ത്രി ആവശ്യപ്പെട്ടതിനെ തുടർന്ന് വില പരിഷ്കരിക്കാൻ കമ്പനി അധികൃതരും സമ്മതിച്ചു. സപ്ലൈകോക്ക് ഉൽപന്നങ്ങൾ വാങ്ങുന്നതിെൻറ മറവിൽ ജിവനക്കാർ കമീഷൻ ഇടപാട് നടത്തുന്നതായി വകുപ്പുതല അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. സിവിൽ സപ്ലൈസ് കോർപറേഷന് സംസ്ഥാനത്ത് അഞ്ച് ഹൈപ്പർ മാർക്കറ്റ്, 27 പീപ്പിൾസ് ബസാർ, 410 സൂപ്പർ മാർക്കറ്റ്, 961 മാവേലി സ്റ്റോർ, 23 സഞ്ചരിക്കുന്ന മാവേലി സ്റ്റോർ എന്നിവയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.