ലൈഫ് പദ്ധതിയും തുണച്ചില്ല: പ്ലാസ്​റ്റിക്​ മറയിലെ ദുരിത ജീവിതത്തിന് അവസാനമില്ലാതെ മിനിയും കുടുംബവും

കാളികാവ്: ഭവനരഹിതര്‍ക്കുള്ള സര്‍ക്കാര്‍ പദ്ധതിയായി ലൈഫും പി.എം.എ.വൈ പദ്ധതിയുമെല്ലാം വന്നിട്ടും കല്ലാമൂല ചിങ്കക്കല്ലിലെ ആദിവാസി കുടുംബത്തിന് വീടെന്ന സ്വപ്നം പൂവണിഞ്ഞില്ല. വീടിനായി കോളനിവാസിയായ മിനി മുട്ടാത്ത വാതിലുകളില്ല. എല്ലാം നിഷ്‌കരുണം തള്ളപ്പെട്ടു. മൂന്നു കുട്ടികളുമായി ഗര്‍ഭിണിയായ മിനി അന്തിയുറങ്ങുന്നത് കാട്ടാനകള്‍ക്ക് നടുവില്‍ പ്ലാസ്റ്റിക് ഷെഡിലാണ്. ആദിവാസികളുടെ ഉന്നമനത്തിന് ഫണ്ടുകള്‍ ഒട്ടേറെ. എന്നാൽ പട്ടിണിയും രോഗവുമായി കഴിയുമ്പോഴും കേറിക്കിടക്കാന്‍ ഒരു കൊച്ചുകൂര സ്വപ്നം മാത്രം. പല തവണ വീടിനായി അധികൃതരോട് യാചിച്ചതാണ്. ഇതുവരെ വീടനുവദിക്കാന്‍ അധികൃതരുടെ മനസ്സലിഞ്ഞിട്ടില്ല. അപേക്ഷകള്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് തള്ളിപ്പോകുന്നതെന്ന് മിനി പറയുന്നു. ചോക്കാടന്‍ പുഴയുടെ ഉല്‍ഭവസ്ഥാനത്ത് പുഴവക്കത്താണ് മിനിയുടെയും കുടുംബത്തി‍​െൻറയും ഷെഡ്. വെള്ളം കുത്തിയൊലിച്ച് വന്ന് കുടിലും ജീവനും അപകടപ്പെടാനും സാധ്യതകളേറെ. ആദിവാസികള്‍ ആഗ്രഹിക്കുന്ന ഭൂമി ആദിവാസികള്‍ക്ക് എന്ന പേരില്‍ കഴിഞ്ഞകാല ഗവ. പദ്ധതി ആവിഷ്‌കരിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നു വന്നവര്‍ പിന്നീടൊന്നും ചെയ്തില്ല. ഫണ്ടുകള്‍ ഏതെല്ലാം വഴിയിലൂടെ മാറിപ്പോകുന്നു എന്നുള്ള കാര്യത്തിലും കാര്യക്ഷമമായ അന്വേഷണമില്ല. എന്നും ചൂഷണത്തി‍​െൻറ ഇരകളായി കഴിയാനാണ് ഈ ഹതഭാഗ്യരുടെ വിധി. കല്ലാമൂല ചിങ്കക്കല്ലിലെ ജീർണിച്ച ഷെഡിനു മുന്നിൽ മിനി കുട്ടികളോടൊത്ത്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.