വള്ളുവനാടൻ ക്ഷേത്രോത്സവങ്ങൾ പടിവാതിലിൽ; ഇണക്കാളകളെ ഒരുക്കി തുടങ്ങി

ഷൊർണൂർ: വള്ളുവനാടൻ ക്ഷേത്രോത്സവങ്ങൾ പടിവാതിൽക്കലെത്തി നിൽക്കെ അണിയറകളിൽ ഒരുക്കങ്ങൾ തകൃതിയായി. വള്ളുവനാടൻ ക്ഷേത്രോത്സവങ്ങളുടെ മാത്രം പ്രത്യേകതയായ ഇണക്കാളകളെ അണിയിച്ചൊരുക്കലാണ് പ്രധാനമായും നടക്കുന്നത്. മാസങ്ങൾ നീണ്ടുനിൽക്കുന്ന പ്രക്രിയയാണ് ഇണക്കാളകളെ അണിയിച്ചൊരുക്കൽ. ആദ്യകാലങ്ങളിൽ മുളന്തണ്ടുകളും വൈക്കോലും തെങ്ങോലയും തുണിത്തോരണങ്ങളോ കടലാസ് മാലയോ മാത്രം മതിയായിരുന്ന പൊയ്ക്കാളകൾ ഇന്ന് അടിമുടി മാറി. ഫൈബർ കൊണ്ട് കാളയുടെ ഉടൽ മെനയുന്ന സ്ഥിതിയിലേക്ക് വരെ നിർമാണ വൈദഗ്ധ്യം വഴിമാറിക്കഴിഞ്ഞു. കാളത്തലകൾ മുരുക്കിൻമരം കൊണ്ടുണ്ടാക്കുന്ന രീതി മാറി ഏറെക്കാലം മുേമ്പ ഫൈബർ നിർമാണരീതിയിലേക്ക് മാറിയിരുന്നു. ഇപ്പോൾ കൊണ്ടുനടക്കാനുള്ള സൗകര്യം നോക്കി ഇണക്കാളകളുടെ എല്ലാ ഭാഗങ്ങളും ഫൈബർ നിർമാണ രീതിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഓരോ വർഷവും പുതിയ പരീക്ഷണങ്ങളുമായാണ് ഇണക്കാളകളുടെ ഉടമസ്ഥർ എത്തുന്നത്. 10,000 മുതൽ ലക്ഷങ്ങൾ വരെ ഒരുദിവസം വാടക ലഭിക്കുമെന്നതിനാൽ ഈ രംഗത്ത് കടുത്ത മത്സരമുണ്ട്. തലയും വാലും ചെവിയുമാട്ടുന്നതുമായ കാളകളും നാക്ക് പുറത്തേക്ക് നീട്ടി നീരൊലിപ്പിച്ച് അയവിറക്കുന്ന കാളകളും നേരേത്ത ഇറങ്ങിയിരുന്നു. ദീപാലങ്കാരങ്ങളാണ് മറ്റൊരു പ്രത്യേകത. അണിയറയിൽ നടക്കുന്ന പരീക്ഷണങ്ങൾ ആസ്വദിക്കാൻ പൂരപ്രേമികൾ കാത്തിരിക്കുകയാണ്. ക്ഷേത്രോത്സവങ്ങളിലെ പ്രധാന കെട്ടുകാഴ്ചകളായ പൂതൻ, തിറ, ആനക്കോപ്പ് എന്നിവയുടെ അറ്റകുറ്റപ്പണികളും മിനുക്കുപണികളും അണിയറയിൽ സജീവമാണ്. വെളിച്ചപ്പാടുമാർ വാളും ചിലങ്കയും അരമണിയും തിളക്കം വെപ്പിക്കാനുള്ള പണിപ്പുരയിലാണ്. വിവിധ കച്ചവടക്കാരും കോപ്പുകൾ കൂട്ടി തുടങ്ങി. മറ്റ് ക്ഷേത്ര കലാകാരന്മാരും നാടകം, ബാലെ, ഗാനമേള, ഹാസ്യ പ്രകടനം എന്നിങ്ങനെ ക്ഷേത്രോത്സവങ്ങളുടെ അവിഭാജ്യ ഘടകമായ എല്ലാവരും ഉത്സവ കമ്മിറ്റിക്കാരും അവസാന തയാറെടുപ്പുകളിൽ മുഴുകിയിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.