റേഷൻ മുൻഗണന പട്ടിക: നടപടികൾക്ക്​ ഒച്ചി​െൻറ വേഗം

അരീക്കോട്: വർഷങ്ങൾ മുമ്പാരംഭിച്ച റേഷൻ മുൻഗണന പട്ടിക രൂപവത്കരണം എങ്ങുമെത്താതെ നീളുന്നു. ഉത്തരവുകളും മാർഗനിർദേശങ്ങളും തുടർച്ചയായി മാറുന്നെന്നല്ലാതെ കുറ്റമറ്റ പട്ടിക സൃഷ്ടിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഇതുവരെ മുൻഗണന പട്ടിക സംസ്ഥാന തലത്തിലാണുണ്ടായിരുന്നതെങ്കിൽ താലൂക്ക് തലത്തിൽ പരിഷ്കരിക്കാനാണ് പുതിയ നീക്കം. അനർഹൻ മുൻഗണന പട്ടികയിൽനിന്ന് പുറത്തായാൽ ഏത് താലൂക്കിൽനിന്നും അർഹരായവരെ ഉൾപ്പെടുത്താമെന്ന രീതി മാറ്റി പുറത്താക്കപ്പെടുന്നയാളുടെ താലൂക്കിൽ തന്നെയുള്ളവരെ ഉൾപ്പെടുത്തുന്നതാണിത്. അനർഹരായ 12 ലക്ഷത്തോളം പേർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊതുവിതരണ വകുപ്പ് കണക്കുകൾ പറയുന്നത്. പട്ടികയിൽ ഉൾപ്പെടുത്താനായി 7.42 ലക്ഷം അപേക്ഷകൾ വന്നതിൽ 5.67 ലക്ഷം പേരും അർഹരാണെന്ന് പൊതുവിതരണ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇത്രയും പേരെ ഉൾപ്പെടുത്തണമെങ്കിൽ പട്ടിക പുനഃക്രമീകരിക്കാതെ മാർഗമില്ല. ഇതിനായി അദാലത്ത് നടത്തി അപേക്ഷകൾ പട്ടികയിൽ ഉൾപ്പെടുത്തുന്നതും തള്ളുന്നതും സംബന്ധിച്ച് സർക്കാർ പുതിയ നിർദേശങ്ങൾ ഇറക്കിയിട്ടുണ്ട്. നേരത്തേ നൽകിയ അപേക്ഷയിൽ തീർപ്പായവർ വീണ്ടും അദാലത്തുകളിൽ പങ്കെടുക്കണമോയെന്നത് അവ്യക്തവുമാണ്. ഇതിന് പുറമേ, ന്യൂനപക്ഷ കമീഷൻ പോലെയുള്ളവ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് നിർദേശിച്ചവർ തുടർന്നും അപേക്ഷ നൽകണോയെന്ന കാര്യവും അവ്യക്തമാണ്. പട്ടികയിൽ ഉൾപ്പെടാത്തതിനാൽ ചികിത്സസഹായവും വിവാഹധനസഹായവുമടക്കമുള്ളവ നിഷേധിക്കപ്പെടുന്നവർ ഏറെയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.