ചിറ നിര്‍മാണത്തില്‍ അപാകതയെന്ന്; പ്രവൃത്തി നിര്‍ത്തിവെക്കണമെന്ന് നാട്ടുകാര്‍

മങ്കട: കടന്നമണ്ണ മാങ്കൂത്ത് പാലവും ചിറയും പുനര്‍നിര്‍മിക്കുന്നതില്‍ അപാകതയുണ്ടെന്നാരോപിച്ച് നാട്ടുകാര്‍ രംഗത്ത്. കടന്നമണ്ണയിൽ നാലാം വാര്‍ഡിനെയും 15ാം വാര്‍ഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പഴയ പാലം കഴിഞ്ഞവര്‍ഷത്തെ മഴയില്‍ തകര്‍ന്നിരുന്നു. ഈ പാലം പുതുക്കി പണിയവെയാണ് തോടും കനാലും വീതികുറച്ചും കുളിക്കാന്‍ ഇറങ്ങാനുള്ള സൗകര്യം ഇല്ലാതെയും പുനര്‍നിര്‍മിക്കുന്നത്. പാലം വീതി കുറച്ചെന്നും കൈവരികള്‍ ഇല്ലാതെയാണ് നിര്‍മിക്കുന്നതെന്നും പരാതിയുണ്ട്. ജലക്ഷാമം നേരിടുന്ന മാങ്കൂത്ത് പ്രദേശത്തെ വലിയൊരു വിഭാഗം ആളുകള്‍ കുളിക്കാനും വസ്ത്രം കഴുകാനും ഈ ഭാഗത്തെ കടവിനെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍, ഇരുഭാഗവും കെട്ടി ഉയര്‍ത്തിയതിനാൽ തോട്ടിലിറങ്ങി കുളിക്കാനും വസ്ത്രം അലക്കാനും സാധിക്കുകയില്ലെന്ന് വീട്ടമ്മമാര്‍ പറയുന്നു. ഈ വിഷയത്തില്‍ മങ്കട ഗ്രാമപഞ്ചായത്തിന് ഒരുവിഭാഗം നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. കാര്‍ഷികാവശ്യങ്ങള്‍ക്ക് ജലസേചനത്തിന് പ്രശ്‌നമാകുമെന്ന് കര്‍ഷകരും പരാതിപ്പെടുന്നുണ്ട്. ലക്ഷങ്ങള്‍ മുടക്കി നിര്‍മിക്കുന്ന പാലം വീതി കുറഞ്ഞതും കൈവരികള്‍ ഇല്ലാത്തതും അപകടസാധ്യത വർധിപ്പിക്കുമെന്ന് നാട്ടുകാര്‍ ആരോപിച്ചു. കാല്‍നടയായി ധാരാളം പേര്‍ ഉപയോഗിക്കുന്ന പാലമാണ് മാങ്കൂത്ത് പാലം. കൃഷി ഓഫിസര്‍, വില്ലേജ് ഓഫിസര്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും പ്രവൃത്തി നിര്‍ത്തിവെക്കണമെന്നും നാട്ടുകാര്‍ പറഞ്ഞു. ജില്ല പഞ്ചായത്തി​െൻറ 10 ലക്ഷവും ബ്ലോക്ക് പഞ്ചായത്തി​െൻറ എട്ട് ലക്ഷവും അടക്കം 18 ലക്ഷം രൂപ ചെലവിലാണ് ചിറയും പാലവും പുനര്‍നിര്‍മിക്കുന്നത്. കുളിക്കടവിന് സൗകര്യമായ രീതിയില്‍ പ്രവൃത്തി നടത്താന്‍ ഈ പദ്ധതിയില്‍ ഫണ്ട് തികയില്ലെന്നും അതിന് മറ്റൊരു ഫണ്ട് ലഭിക്കുന്ന മുറക്ക് പ്രവൃത്തി നടത്തുമെന്നും നാലാം വാര്‍ഡ് അംഗം ഷംലീന അശ്കറലി പറഞ്ഞു. റോഡ് കീറി പ്രവൃത്തി; മങ്കടയില്‍ കുടിവെള്ളം മുടങ്ങി മങ്കട: സ്വകാര്യ കമ്പനിയുടെ കേബിൾ വലിക്കുന്നതിനായി റോഡില്‍ നടത്തുന്ന പ്രവൃത്തിയെ തുടര്‍ന്ന് പൈപ്പ് പൊട്ടി മങ്കട ടൗണില്‍ മൂന്നുദിവസമായി കുടിവെള്ളം മുടങ്ങി. റബറൈസ്ഡ് ചെയ്ത റോഡരികുകളിൽ വലിയ കുഴിയുണ്ടാക്കി പ്രത്യേക യന്ത്ര സംവിധാനമുപയോഗിച്ച് ഭൂമിക്കടിയിലൂടെ കേബിള്‍ തുളച്ച് കയറ്റുന്ന പ്രവൃത്തിക്കിടെയാണ് പല ഭാഗങ്ങളിലായി കുടിവെള്ള പൈപ്പുകള്‍ പൊട്ടിയത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുഴികള്‍ മൂടുന്നതിനോ കുടിവെള്ളം പുനഃസ്ഥാപിക്കുന്നതിനോ സാധിച്ചിട്ടില്ല. റോഡരികിലെ കുഴികളില്‍ രാത്രിയില്‍ ഇരുചക്ര വാഹനങ്ങള്‍ അടക്കമുള്ളവ അപകടത്തിൽപെടുന്നുമുണ്ട്. പൊതുവെ വീതികുറവും നിത്യേന ഗതാഗതക്കുരുക്കും അനുഭവപ്പെടുന്ന മങ്കട ടൗണില്‍ ഇത് ഏറെ പ്രയാസം സൃഷ്ടിക്കുന്നു. പ്രവൃത്തികള്‍ വേഗം തീര്‍ത്ത് ജനങ്ങളുടെ പ്രയാസമകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.