ദേശീയപാത വികസനം: തേഞ്ഞിപ്പലത്ത് നടന്ന ഭൂവുടമകളുടെ യോഗം അലങ്കോലപ്പെട്ടു

തേഞ്ഞിപ്പലം: ദേശീയപാത വികസന ഭാഗമായി ഭൂമി നഷ്ടപ്പെടുന്നവരുടെ പരാതി കേൾക്കാനും ഇരകളെ കാര്യങ്ങൾ പറഞ്ഞു ബോധിപ്പിക്കാനും ഡെപ്യൂട്ടി കലക്ടർ വിളിച്ചു ചേർത്ത യോഗം അലങ്കോലപ്പെട്ടു. യോഗ നടപടികൾ പൂർത്തിയാവും മുമ്പ് ഡെപ്യൂട്ടി കലക്ടർ ഇറങ്ങിപ്പോയി. തേഞ്ഞിപ്പലം പഞ്ചായത്തിൽ ഭൂമി നഷ്ടപ്പെടുന്നവരെ വിളിച്ചുചേർത്താണ് വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് തേഞ്ഞിപ്പലം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ യോഗം വിളിച്ചുചേർത്തത്. തേഞ്ഞിപ്പലം എസ്.ഐ സി.കെ. നാസറി​െൻറ നേതൃതത്തിൽ പൊലീസും ദ്രുതകർമ അംഗങ്ങളും സുരക്ഷക്കായി ഹാളിലെത്തിയിരുന്നു. സ്ഥലം നഷ്ടപ്പെടുന്നവർ തങ്ങളുടെ ആശങ്കകളും പരാതികളും ഡെപ്യൂട്ടി കലക്ടർ ഡോ. അരുണിന് മുന്നിൽ അവതരിപ്പിച്ചു. ഇതിനിടെ പൊലീസിനെ ഹാളിൽ കയറ്റിയത് ചിലർ ചോദ്യം ചെയ്തു. എന്നാൽ, ഡെപ്യൂട്ടി കലക്ടറുടെ മറുപടി പ്രസംഗം ആശങ്ക അകറ്റാത്തതും ഏറ്റെടുക്കുന്ന ഭൂമിക്ക്‌ നൽകുന്ന വിലയുമായി പൊരുത്തപ്പെടാത്തതും ഭൂവുടമകൾ ചോദ്യം ചെയ്തു. ഇതിനിടെ ഡെപ്യൂട്ടി കലക്ടർ ഒരു മുന്നറിയിപ്പുമില്ലാതെ യോഗത്തിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. ഭൂവുടമകളുടെ എതിർപ്പ് മറികടന്നാണ് ഡെപ്യൂട്ടി കലക്ടർ ഇറങ്ങിപ്പോയത്. പൊലീസെത്തി സുരക്ഷാവലയം തീർത്ത്‌ അദ്ദേഹത്തി​െൻറ ഔദ്യോഗിക വാഹനത്തിൽ കയറ്റിവിട്ടു. തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സഫിയ റസാഖ്, വാർഡ് മെംബർ സലീം, വില്ലേജ് ഓഫിസർ എ. ദാസൻ എന്നിവർ യോഗത്തിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.