കുഴൽമന്ദം: മില്ലുടമകളുടെ സമ്മർദ തന്ത്രത്തിന് മുന്നിൽ വഴങ്ങില്ലെന്ന് പാഡികോ. ജില്ലയിൽ കഴിയുന്നത്ര നെല്ല് സംഭരിക്കാനുള്ള നടപടി ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. സപ്ലൈകോ നിർദേശങ്ങൾ അനുസരിച്ച് സ്വകാര്യ മില്ലുടമകൾ നെല്ല് സംഭരിച്ചില്ലെങ്കിൽ ഒക്ടോബർ ഒന്നു മുതൽ സംഭരണം ആരംഭിക്കും. കഴിഞ്ഞ സീസണിൽ 3500 ടൺ നെല്ലാണ് പാഡികോ സംഭരിച്ചത്. ഇത്തവണ ജില്ലയിലെ ഒന്നാം വിളയിൽ 93,000 ടൺ നെല്ലുണ്ടാകുമെന്നാണ് നിഗമനം. അതേസമയം, സപ്ലൈകോ നിർദേശം അംഗീകരിക്കാനാകില്ലെന്ന കടുത്ത നിലപാടിൽ ഉറച്ചുനിൽക്കുകയാണ് മില്ലുടമകൾ. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ഒക്ടോബർ ഒന്നുമുതൽ നെല്ലു സംഭരിക്കില്ലന്ന് മില്ലുടമകൾ മാധ്യമത്തോട് പറഞ്ഞു. സർക്കാർ അയഞ്ഞില്ലെങ്കിൽ ഏജൻറുമാരെ ഉപയോഗിച്ച് പൊതുവിപണിയിൽ നെല്ല് സംഭരിക്കാനാണ് മില്ലുടമകളുടെ തീരുമാനം. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ വരും ദിവസങ്ങളിൽ ചർച്ചയുണ്ടാകുമെന്ന് സൂചനയുണ്ട്. അടുത്ത ഘട്ട ചർച്ചയിൽ പ്രശ്നത്തിൽ തീരുമാനമുണ്ടാകുമെന്നാണ് മില്ലുടമകളുടെ പ്രതീക്ഷ. ജില്ലയിൽ സപ്ലൈകോയുടെ 11 മില്ലുകൾ ഉൾെപ്പടെ 40 എണ്ണമാണ് നെല്ല് സംഭരിക്കുന്നത്. സംസ്ഥാനത്ത് ആകെ 54 മില്ലുകളാണ് സപ്ലൈകോക്ക് വേണ്ടി നെല്ലു സംഭരിക്കുന്നത്. സംഭരിച്ച നെല്ല് അരിയാക്കി റേഷൻകടകളിലേക്കാണ് മില്ലുടമകൾ വിതരണം ചെയ്യുന്നത്. ഒാരോ ബാച്ചും സപ്ലൈ ഓഫിസർ, പാഡി മാർക്കറ്റിങ് ഓഫിസർ, റേഷൻ ഇൻസ്പെക്ടർ എന്നിവർ സംയുക്തമായി പരിശോധിച്ചാണ് റേഷൻ മൊത്ത വിതരണ ഗോഡൗണിലേക്ക് പോകുന്നത്. റാൻഡം പരിശോധനയാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ അരിയിൽ വ്യാപക ക്രമക്കേട് നടക്കുന്നുണ്ടെന്നാണ് ആരോപണം. പാഡികോ സംഭരണത്തിന് വെല്ലുവിളികളേറെ പാഡികോ ജില്ലയിൽ നെല്ല് സംഭരിക്കുമെന്ന് പറയുന്നുണ്ടെങ്കിലും പരിമിതികൾ ഏറെയാണ്. കഴിഞ്ഞ വർഷം 3500 ടൺ നെല്ലാണ് പാഡികോ സംഭരിച്ചത്. പരമാവധി 6000 ടൺ നെല്ല് സംഭരിക്കാനുള്ള ശേഷിയേ ഉള്ളൂ എന്നതാണ് പ്രധാന വെല്ലുവിളി. ഇത്തവണ 93, 000 ടൺ നെല്ലുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. ഇത്രയും അധികം നെല്ല് സംഭരിക്കുന്നതിന് നിലവിൽ സംഭരണ സൗകര്യം ജില്ലയിൽ പാഡികോക്കില്ല. സർക്കാർ ഇടപെട്ട് ഉടൻ സംഭരണ ശാലകൾ ഒരുക്കിയെങ്കിൽ മാത്രമേ പാഡികോ സംഭരണം പൂർണാർഥത്തിൽ നടപ്പാകൂ. എന്നാൽ, കുറഞ്ഞ സമയപരിധിക്കുള്ളിൽ സംഭരണ ശാലകൾ ഒരുക്കുക എന്നത് കൃഷിവകുപ്പിനും ഭക്ഷ്യവകുപ്പിനും വെല്ലുവിളിയാണ്. ജില്ലയിൽനിന്ന് സംഭരിക്കുന്ന നെല്ല് സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന തൃശൂർ, ആലപ്പുഴ എന്നിവിടങ്ങളിലെ മില്ലുകളിൽ എത്തിക്കാനാണ് പാഡികോ തീരുമാനം. (((ബോക്സ്))))
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.