പാലക്കാട്: രണ്ടാം വിളയിറക്കൽ അടുത്ത മാസം തുടങ്ങാനിരിക്കെ ജലസേചനത്തിനുള്ള കനാലുകൾ ഇനിയും വൃത്തിയാക്കിയില്ല. തൊഴിലുറപ്പ് പദ്ധതിയിൽനിന്ന് കനാലുകൾ ശുചീകരിക്കുന്ന ജോലി ഒഴിവാക്കിയതാണ് പ്രതിസന്ധിക്ക് കാരണം. മിക്ക കനാലുകളും ചളി നിറഞ്ഞ്, കാടു പിടിച്ച അവസ്ഥയിലാണ്. കനാലുകൾ ശുദ്ധീകരിച്ച് രണ്ടാംവിളക്കുള്ള ജലസേചനം സുഗമമാക്കണമെന്ന് ആവശ്യപ്പെട്ട് പറമ്പിക്കുളം, ആളിയാർ ജലസംരക്ഷണ സമിതി കലക്ടർക്ക് പരാതി നൽകി. യുദ്ധകാലാടിസ്ഥാനത്തിൽ കനാലുകൾ ശുചീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. കനാലുകളുടെ പല ഭാഗങ്ങളിലും ഓവുകളും ഷട്ടറുകളും പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. പല ബണ്ടുകളും തകർന്നു. ജില്ലയിൽ ഇതുവരെ ഭേദപ്പെട്ട മഴ ലഭിച്ചെങ്കിലും ചിറ്റൂർ മേഖലയിൽ പ്രതീക്ഷിച്ച മഴ ലഭിക്കാത്തതിനാൽ ആളിയാർ പദ്ധതി പ്രകാരം ലഭിക്കുന്ന വെള്ളം തന്നെയായിരിക്കും പ്രധാന ആശ്രയം. അതുകൊണ്ടു തന്നെ കനാലുകളിലെ ജലനഷ്ടം ജലസേചനത്തെ പ്രതികൂലമായി ബാധിക്കും. കനാൽ ശുചീകരണം നടന്നില്ലെങ്കിൽ വാലറ്റ പ്രദേശങ്ങളിൽ ആവശ്യത്തിന് വെള്ളം ലഭിക്കാതെ കൃഷി നശിക്കുന്ന അവസ്ഥയുണ്ടാകും. മുഖ്യമന്ത്രിതല ചർച്ച നടന്നെങ്കിലും കരാർ പ്രകാരം ആളിയാറിൽനിന്ന് ചിറ്റൂർ പുഴയിലേക്ക് ഒഴുക്കിവിടുന്ന വെള്ളത്തിൽ ഇപ്പോഴും കുറവുണ്ടെന്ന് കർഷകർ പറയുന്നു. കൃഷിയുടെ പാതിയിൽ വെള്ളം ലഭിക്കാതിരുന്നാൽ കൃഷി വൻതോതിൽ നശിക്കാൻ കാരണമാകും. ഇതൊഴിവാക്കണമെങ്കിൽ ഇപ്പോഴേ നടപടികൾ സ്വീകരിക്കണമെന്നും കർഷകർ പറയുന്നു. കഴിഞ്ഞ വർഷം വേനൽ കടുത്തതിനാൽ രണ്ടാം വിള ഇറക്കേണ്ടെന്ന് കർഷകർക്ക് സർക്കാർ നിർദേശം നൽകിയിരുന്നു. ഭേദപ്പെട്ട രീതിയിൽ തുലാമഴ ലഭിച്ചാൽ ഇക്കുറി രണ്ടാം വിളയിറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.