അണ്ണുണ്ണിപറമ്പ്, നഗരസഭയിലെ പുതിയ 'ട്രഞ്ചിങ് ഗ്രൗണ്ട്'

മലപ്പുറം: നഗരസഭയും കലക്ടറേറ്റും ജില്ല പഞ്ചായത്തും വിളിപ്പാടകലെയാണെങ്കിലും അണ്ണുണ്ണിപ്പറമ്പിലെ സ്വകാര്യ പറമ്പുകളിൽ മാലിന്യം കുമിഞ്ഞുകൂടുന്നു. റോഡിന് സമീപത്തെ ആഴമുള്ള പറമ്പിലേക്ക് വാഹനങ്ങളിലെത്തി കോഴിമാലിന്യമടക്കമുള്ളവ വൻതോതിൽ തള്ളിയിട്ടും നഗരസഭ അധികൃതർ പോലും ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. തെരുവ് വിളക്കുകളുണ്ടായിട്ടും കാടുമൂടിയ പ്രദേശമായതിനാൽ ആളുകളുടെ ശ്രദ്ധ പതിയാത്തതാണ് മാലിന്യം കുന്നുകൂടാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. മാലിന്യം തള്ളുന്നവരെ പിടികൂടാൻ നഗരത്തിൽ പലയിടങ്ങളിലായി സി.സി.ടി.വി കാമറ സ്ഥാപിച്ചെന്നാണ് നഗരസഭയുടെ അവകാശവാദം. ഇതോടെയാണ് അണ്ണുണ്ണിപ്പറമ്പ് ആളുകൾ സ്വയം 'ട്രഞ്ചിങ് ഗ്രൗണ്ട്' ആക്കിയത്. മാംസാവിഷ്ടങ്ങൾ അടക്കം കൊണ്ടുവന്ന് തള്ളിയതിനാൽ കടുത്ത ദുർഗന്ധമാണിവിടെ. ഇതുവഴിയുള്ള വാഹനയാത്ര പോലും ദുസ്സഹമാക്കുന്ന തരത്തിൽ റോഡിൽ പോലും മാലിന്യം വലിച്ചെറിഞ്ഞിട്ടുണ്ട്. മുമ്പ് സമാന പ്രശ്നം ഉണ്ടായപ്പോൾ നടപടിയുണ്ടാകുമെന്ന് നഗരസഭ അധികൃതർ പറഞ്ഞിരുന്നു. എന്നാൽ തെരുവ് വിളക്ക് സ്ഥാപിക്കൽ മാത്രമാണ് ഉണ്ടായത്. നഗരസഭയുടെ ആരോഗ്യവിഭാഗം രാത്രി പരിശോധന നടത്തുന്ന പക്ഷം മാലിന്യം തള്ളുന്നവരെ പിടികൂടാൻ കഴിയുമെന്നാണ് നാട്ടുകാരുടെ പക്ഷം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.