അവധി ഒഴിവാക്കി അധ്യാപക കൂട്ടായ്മ; തൃത്താല 'നാലുകൂട്ടം' മാതൃകയാവുന്നു

ആനക്കര: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നെഞ്ചേറ്റി തൃത്താല ഉപജില്ലയിലെ നാലാം ക്ലാസ് അധ്യാപകരുടെ കൂട്ടായ്മയായ 'നാലുകൂട്ടം' പൊതു അവധി ദിവസങ്ങളിൽ പഠനാന്തരീക്ഷം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ നടത്തി മാതൃകയാവുന്നു. അവധിക്കാല അധ്യാപക പരിശീലനത്തിലെ കൂട്ടായ്മയാണ് ഇത്തരം പ്രവർത്തനത്തിന് ഊർജം പകർന്നത്. കൊഴിക്കര എൽ.പി സ്കൂൾ അധ്യാപിക രജനിയാണ് നേതൃത്വം നൽകുന്നത്. അവധി ദിനങ്ങളിൽ ഒത്തുകൂടി നിലവിലെ ബോധനരീതികളിലെ പ്രശ്നങ്ങൾ പരിഹരിച്ച് പരിഹാരം കാണുകയും മറ്റ് അധ്യാപകർക്ക് പകർന്നുനൽകുകയും ചെയ്യുന്നു. പാഠനാസൂത്രണം, വർക്ക് ഷീറ്റ് നിർമാണം, ക്ലാസ് റൂം പഠനത്തിന് അനുബന്ധ സാമഗ്രികൾ എന്നിവയും തയാറാക്കിയിട്ടുണ്ട്. ഞായറാഴ്ച മലപ്പുറം ടെക്കിലെ അധ്യാപകരായ ഇല്യാസ്, ബിജു എന്നിവരുടെ നേതൃത്വത്തിൽ ഒരു പഠനോപകരണ ശിൽപശാല സംഘടിപ്പിച്ചു. 20ലധികം പഠനോപകരണങ്ങൾ നിർമിച്ചു. പിന്തുണയുമായി തൃത്താല ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കെ.വി. വേണുഗോപാലൻ, ഡയറ്റ് ഫാക്കൽറ്റി അംഗം നിഷ, വട്ടേനാട് എൽ.പി പ്രധാനാധ്യാപകൻ എം.വി. രാജൻ, തൃത്താല ബി.ആർ.സിയിലെ അധ്യാപകർ തുടങ്ങിയവർ രംഗത്തുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.