മലയോര പാത: സ്ഥലനിർണയത്തിൽ സി.പി.എമ്മിന് അമർഷം

കരുവാരകുണ്ട്: മലയോര പാതയുടെ സ്ഥലം നിർണയിച്ചത് കൂടിയാലോചനയില്ലാതെയെന്ന് പരാതി. ഇക്കാര്യത്തിൽ എ.പി. അനിൽകുമാർ എം.എൽ.എയുടെ ഏകപക്ഷീയ നിലപാടിനെതിരെ സി.പി.എമ്മിൽ അമർഷമുയരുന്നു. കരുവാരക്കുണ്ടിൽ കൂടി പോവുന്ന പാതയുടെ സ്ഥലനിർണയവുമായി ബന്ധപ്പെട്ട കൂടിയാലോചനക്കായി മാസങ്ങൾക്ക് മുമ്പ് എം.എൽ.എ ഗ്രാമപഞ്ചായത്ത് ഓഫിസിൽ യോഗം വിളിച്ചിരുന്നു. ഇതിലേക്ക് സി.പി.എം നേതാക്കളെ ക്ഷണിച്ചിരുന്നെങ്കിലും പലതവണ ഇതുമായി ബന്ധപ്പെട്ട് എം.എൽ.എയും സംഘവും സ്ഥലം സന്ദർശിച്ചെങ്കിലും തങ്ങളെ അറിയിച്ചിട്ടില്ലെന്നാണ് സി.പി.എം നേതാക്കൾ പറയുന്നത്. കഴിഞ്ഞ ദിവസം എം.എൽ.എയും പൊതുമരാമത്ത് വകുപ്പ് എൻജിനീയറും അടങ്ങുന്ന സംഘം പാത കടന്നുപോകുന്ന സ്ഥലം ഉടമകളുമായി സംസാരിക്കുകയും പാതയുടെ വഴി തീരുമാനിക്കുകയും ചെയ്തു. ഇക്കാര്യം സി.പി.എം നേതൃത്വം അറിഞ്ഞിട്ടില്ല. അതേസമയം, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, അംഗങ്ങൾ എന്നിവരടങ്ങുന്ന സംഘത്തിൽ കോൺഗ്രസ് പ്രാദേശിക നേതാക്കളും ഉണ്ടായിരുന്നു. പാതയുടെ കാര്യത്തിൽ എം.എൽ.എ രാഷ്ട്രീയം കലർത്തുകയാണെന്നും ചിലരുടെ താൽപര്യം സംരക്ഷിക്കാൻ പാതയെ ജനങ്ങൾക്കുപകരിക്കാത്ത വഴിയിലൂടെ തിരിച്ചുവിടുകയാണെന്നുമാണ് സി.പി.എം നേതാക്കളുടെ ആരോപണം. ഇക്കാര്യത്തിൽ പരാതിയുണ്ടെന്നും അത് ബന്ധപ്പെട്ടവരെ അറിയിക്കുമെന്നും ലോക്കൽ സെക്രട്ടറി എം. അബ്ദുല്ല, കർഷക സംഘം ഏരിയ കമ്മിറ്റി അംഗം പി.കെ. മുഹമ്മദലി എന്നിവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.