എൻറമ്മേ... മറവിക്ക് വില 8575 രൂപ; ആനവണ്ടിക്ക്​ ഒരു ചെറിയ റിലാക്​സേഷൻ !

യാത്രക്കാർ മറന്നുവെച്ച സാധനങ്ങൾ കെ.എസ്.ആർ.ടി.സി ലേലം ചെയ്തു മലപ്പുറം: ആരുടെയൊക്കെയോ മറവിപോലും കെ.എസ്.ആർ.ടി.സിയുടെ പെരുംനഷ്ടത്തിന് തുള്ളിയാശ്വാസമേകി. പല സമയങ്ങളിലായി യാത്രക്കാർ മറന്നുവെച്ച സാധനങ്ങൾ ലേലം വിളിച്ചപ്പോൾ മലപ്പുറം ഡിപ്പോക്ക് ലഭിച്ചത് 8575 രൂപ. മൊബൈല്‍ ഫോണ്‍, ചാര്‍ജര്‍, കുട, പാത്രങ്ങൾ... അങ്ങനെ നീളുന്നു സാധനങ്ങളുടെ പട്ടിക. ഒരു മണിക്കൂര്‍ നേരത്തെ ലേലംവിളി ജനങ്ങളിൽ കൗതുകവുമുണർത്തി. ബസില്‍ ഉടമസ്ഥരില്ലാതെ ലഭിക്കുന്ന സാധനങ്ങള്‍ അധികൃതര്‍ ശേഖരിച്ചുവെക്കും. പിന്നെ ഓരോ ആറുമാസം കൂടുമ്പോഴും ലേലം നടക്കും. സ്മാര്‍ട്ട് ഫോണടക്കം മൂന്നു മൊബൈല്‍ ഫോണ്‍ ലേലത്തിനുണ്ടായിരുന്നു. ഫൈബര്‍ പ്ലെയ്റ്റുകള്‍, പഴ്‌സ്, ബാഗ്, ബിഗ്‌ഷോപ്പര്‍ തുടങ്ങിയവയും ഉണ്ടായിരുന്നു. ലേലതുകക്കൊപ്പം 18 ശതമാനം ജി.എസ്.ടിയും നൽകിയാണ് ആളുകൾ സാധനങ്ങൾ സ്വന്തമാക്കിയത്. 500 രൂപ മുതല്‍ വിളി ആരംഭിച്ച സ്മാര്‍ട്ട് ഫോണ്‍ 1050 രൂപക്ക് ലേലം ഉറപ്പിച്ചു. ആനവണ്ടിയുടെ നഷ്ടമോർത്തോ മറ്റോ പലരും വാശിയോടെ പങ്കെടുത്തു. 250, 270, 310 എന്നിങ്ങനെയാണ് മറ്റു മൊബൈൽ ഫോണുകൾ ലേലത്തിൽ പോയത്. പാത്രം കഴുകുന്ന ലായനി രണ്ടെണ്ണത്തിന് 80 രൂപ ലഭിച്ചു. ഒരോ കിലോ വീതമുള്ള രണ്ടു പാക്കറ്റ് സോപ്പ് പൗഡർ 110 രൂപക്കും ഭക്ഷണപാത്രങ്ങൾ 300, 410 രൂപ വരെയും നൽകി ജനം സ്വന്തമാക്കി. ഫൈബര്‍ പ്ലെയ്റ്റുകള്‍ എണ്ണമനുസരിച്ച് 200, 410, 380 രൂപക്കായിരുന്നു ലേലം. മലപ്പുറം ഡിപ്പോയിലെ ഡ്രൈവർ ഒഴുകൂര്‍ സ്വദേശി മനോജ് നാലു കുടകളും സ്വന്തമാക്കി. 50 രൂപക്ക് തുടങ്ങിയ വിളി 160, 200, 210, 200 എന്നിങ്ങനെയാണ് അവസാനിച്ചത്. വിവിധയിനം പഴ്സുകളും തുണിബാഗും ആളുകൾ കൊണ്ടുപോയി. ബസിൽനിന്ന് ലഭിക്കുന്ന സാധനങ്ങള്‍ പരാമവധി മൂന്നുമാസം വരെയാണ് അധികൃതര്‍ സൂക്ഷിക്കുക. പിന്നീട് ഇവ ലേല നടപടികള്‍ക്കായി മാറ്റും. ഉടമസ്ഥര്‍ക്ക് തെളിവ് സഹിതം മൂന്നുമാസത്തിനകം ബന്ധപ്പെട്ടാല്‍ സാധനങ്ങൾ ലഭിക്കും. ജില്ല ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ കെ.പി. രാധാകൃഷ്ണ​െൻറ നേതൃത്വത്തിലായിരുന്നു ലേലം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.