കുരുക്കഴിയാതെ ചേളാരി

തേഞ്ഞിപ്പലം: കോഴിക്കോട്-തൃശൂർ ദേശീയപാത ചേളാരിയിലെ ഗതാഗത കുരുക്കഴിക്കാൻ നടപടി വൈകുന്നു. പാണമ്പ്ര മുതൽ പടിക്കൽ വരെയുള്ള ഭാഗങ്ങളിലാണ് മണിക്കൂറുകളോളം ഗതാഗതം കുരുങ്ങുന്നത്. നാലുവരിയിൽ വാഹനങ്ങളുടെ നീണ്ടനിരതന്നെ പലപ്പോഴും കാണാം. ദേശീയപാതയിൽനിന്ന് മാതാപുഴയിലേക്ക് തിരിയുന്ന റോഡിൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ അനധികൃതമായി നിർത്തിയിടുന്നത് ദേശീയപാതയിൽ ഗതാഗത തടസ്സത്തിന് ഇടയാക്കുന്നുണ്ട്. കുരുക്കിലകപ്പെട്ട വാഹനങ്ങൾക്കിടയിലൂടെ മറ്റുവാഹനങ്ങൾ അതിക്രമിച്ചു കയറുന്നതും പ്രശ്നമാണ്. ഗതാഗതപരിഷ്കാരം വഴിയേ പ്രശ്നത്തിന് ശാശ്വതപരിഹാരാം ഉണ്ടാവൂ. പെരുന്നാൾ, ഓണം സമയങ്ങളിൽ രൂക്ഷമായ കുരുക്കാണ് അനുഭവപ്പെട്ടത്. ട്രാഫിക് നിയന്ത്രിക്കാൻ ആവശ്യത്തിനു പൊലീസുകാരില്ലാത്തതും പ്രശ്നമാണ്. താഴെ ചേളാരിയിലും ഇതുതന്നെയാണ് സ്ഥിതി. പരപ്പനങ്ങാടി, തൃശൂർ റോഡിലേക്ക് തിരിയുന്ന പ്രധാന ജങ്ഷൻ കൂടിയാണിവിടെ. ഐ.ഒ.സി പ്ലാൻറിലേക്ക് വരുന്ന ബുള്ളറ്റ് ടാങ്കറുകളും മറ്റും ഒരു പരിധിവരെ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. ഓണം-ബലിപെരുന്നാൾ സമയത്തെ രൂക്ഷമായ ഗതാഗതക്കുരുക്ക് നേരിൽകണ്ട പി. അബ്ദുൽ ഹമീദ് എം.എൽ.എ പ്രശ്നങ്ങൾക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണാൻ വിവിധ വകുപ്പ് തലവന്മാരുടെ യോഗം വിളിച്ചുചേർക്കണമെന്നാവശ്യപ്പെട്ട് ജില്ല കലക്ടർക്ക് കത്തു നൽകിയിരുന്നു. എന്നാൽ, തുടർനടപടി ഒന്നുമായിട്ടില്ല. ഗതാഗതം തടസ്സപ്പെടുന്നതിനാൽ ദീർഘദൂര യാത്രക്കാരാണ് ഏറെ വലയുന്നത്. വ്യാപാരികളുടെ കച്ചവടത്തെയും സാരമായി ബാധിക്കുന്നുണ്ട്. ശാസ്ത്രീയമായി ഗതാഗതപരിഷ്‌കാരം നടപ്പാക്കിയും നിയമം തെറ്റിക്കുന്നവർെക്കതിരെ കർശന നടപടിയെടുത്തും മാത്രമേ ചേളാരിയിലെ കുരുക്കിന് പരിഹാരമാവൂ എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഫോട്ടോ. കോഴിക്കോട്-തൃശൂർ ദേശീയപാത ചേളാരിയിൽ ദിവസങ്ങൾക്ക് മുമ്പുണ്ടായ ഗതാഗതക്കുരുക്ക്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.