ഹാജിമാര​ുടെ മടക്കം: ഒരുക്കങ്ങൾ പൂർത്തിയായി

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കർമം പൂർത്തിയാക്കി തിരിച്ചെത്തുന്ന തീർഥാടകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം വിലയിരുത്തി. സെപ്റ്റംബർ 21ന് പുലർച്ച 5.15നാണ് ആദ്യസംഘം മടങ്ങിയെത്തുകെയന്ന് യോഗത്തിന് ശേഷം വാർത്തസമ്മേളനത്തിൽ ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു. ഹാജിമാര്‍ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സിയാലി​െൻറ സഹകരണത്തോടെയാണ് സൗകര്യങ്ങള്‍ ഒരുക്കുക. മദീനയില്‍ നിന്നാണ് ഹാജിമാരുടെ മടക്കയാത്ര ക്രമീകരിച്ചിരിക്കുന്നത്. വിമാനമിറങ്ങുന്ന ഹാജിമാരുടെ പരിശോധനകള്‍ പൂര്‍ത്തിയാക്കി ലഗേജ് ക്ലിയറന്‍സ് നടത്തി സംസം വെള്ളവും നല്‍കിയാണ് വിമാനത്താവളത്തില്‍നിന്ന് പുറത്തിറക്കുക. ഓരോ ഹാജിയെയും ബന്ധുക്കളെ ഏല്‍പ്പിക്കുന്നതിനായി ഹജ്ജ് കമ്മിറ്റിയും വളൻറിയര്‍മാരുമുണ്ടാകും. 23 കുട്ടികൾ ഉൾപ്പെടെ 11,807 പേരാണ് ഇത്തവണ ഹജ്ജ് കമ്മിറ്റി മുഖേന പുറപ്പെട്ടത്. തീർഥാടകരിൽ ആറ് പുരുഷന്മാരും ഒരു സ്ത്രീയും ഹജ്ജ് വേളയിൽ മരിച്ചു. ആറുപേർ മക്കയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഒക്ടോബർ നാലുവരെ പ്രതിദിനം മൂന്ന് വിമാനങ്ങളിലായാണ് കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽനിന്നുള്ള തീർഥാടകർ തിരിച്ചെത്തുക. ഹജ്ജ് കമ്മിറ്റി യോഗത്തിൽ ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അധ്യക്ഷത വഹിച്ചു. കേന്ദ്ര ഹജ്ജ് കമ്മറ്റി അംഗം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളായ കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ, പ്രഫ. എ.കെ. അബ്ദുൽ ഹമീദ്, എ.കെ. അബ്ദുറഹ്മാൻ, അഹമ്മദ് മൂപ്പൻ, എസ്. നസ്റുദ്ദീൻ, അബ്ദുറഹ്മാൻ പെരിങ്ങാടി, ഡോ. ഇ.കെ. അഹമ്മദ് കുട്ടി, ശരീഫ് മണിയാട്ടുകുടി തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.