മഴ ശക്തം: ആളൊഴിഞ്ഞ് വിനോദസഞ്ചാര കേന്ദ്രങ്ങൾ

കരുവാരകുണ്ട്: പ്രദേശത്ത് മഴ ശക്തമായതിനെ തുടർന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആഘോഷ സീസണിൽപോലും സന്ദർശകർ വൻതോതിൽ കുറയുന്നു. ചേറുമ്പ് ഇക്കോ വില്ലേജ്, കേരളാംകുണ്ട് വെള്ളച്ചാട്ടം എന്നിവിടങ്ങളിലേക്കാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള സന്ദർശകർ വരാൻ മടിക്കുന്നത്. ഓണം, പെരുന്നാൾ എന്നിവ ഒന്നിച്ചെത്തിയിട്ടും കഴിഞ്ഞ ദിവസങ്ങളിൽ സന്ദർശകർ കുറവായിരുന്നു. ഇക്കോ വില്ലേജിൽ കുട്ടികൾക്കായി പുതിയ മൂന്ന് റൈഡുകൾ വന്നതിനാൽ ഇത്തവണ സന്ദർശകരുടെ പ്രവാഹം പ്രതീക്ഷിച്ചിരുന്നു. ബലിപെരുന്നാൾ ദിനത്തിൽ വൈകീട്ട് കനത്ത മഴയായിരുന്നു. ശനിയാഴ്ച ഉച്ചക്ക് ശേഷം പെയ്ത മഴയിൽ ഒലിപ്പുഴ ഗതിമാറി ഇക്കോ വില്ലേജ് വെള്ളത്തിലുമായി. ഓണ ദിവസങ്ങളിലും മഴ മാറിനിന്നില്ല. ചിറയിലെ ബോട്ട് സർവിസും മഴ കാരണം പല ദിവസങ്ങളിലും നിർത്തിവെക്കേണ്ടി വന്നു. ഇതോടെ സന്ദർശകർ വരാൻ മടിക്കുകയായിരുന്നു. മഴ സ്ഥിരമായതിനാൽ കേരളാംകുണ്ടിൽ വൻ ജലപ്രവാഹമായിരുന്നു. ഇതാണ് അവിടെനിന്ന് സഞ്ചാരികളെ വിട്ടുനിർത്തിയത്. അതേസമയം, ചെറിയ പെരുന്നാളിന് വന്ന അത്രയും സഞ്ചാരികൾ ഓണം, ബലിപെരുന്നാൾ ദിവസങ്ങളിൽ രണ്ടിടത്തും വന്നിട്ടുണ്ടെന്നും പുതിയ റൈഡുകൾ വന്നതും രണ്ട് ആഘോഷങ്ങൾ ഒന്നിച്ചുവന്നതും പരിഗണിക്കുമ്പോൾ സന്ദർശകർ താരതമ്യേന കുറവായിരുന്നുവെന്നുമാണ് അധികൃതർ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.