കേരള ഷോളയാർ നിറച്ചില്ല; തമിഴ്നാട് വീണ്ടും കരാർ ലംഘിച്ചു

പാലക്കാട്: സെപ്റ്റംബർ ഒന്നിന് കേരള ഷോളയാർ റിസർവോയർ നിറക്കണമെന്ന പി.എ.പി കരാർ വ്യവസ്ഥ തമിഴ്നാട് വീണ്ടും ലംഘിച്ചു. ആഗസ്റ്റ് 31 ലെ ജലനിരപ്പ് പരമാവധിയേക്കാൾ 13 അടി താഴെയാണ്. 2663 അടിയാണ് കേരള ഷോളയാർ റിസർവോയറി‍​െൻറ പരമാവധി ശേഷി. എന്നാൽ, നിലവിൽ 2650.3 അടി വെള്ളമാണ് റിസർവോയറിലുള്ളത്. കഴിഞ്ഞവർഷം 2651.4 അടിവെള്ളമാണ് സെപ്റ്റംബർ ഒന്നിന് റിസർവോയറിലുണ്ടായിരുന്നത്. തമിഴ്നാട് പരിധിയിലെ ഷോളയാർ റിസർവോയറിൽനിന്ന് വെള്ളം നൽകിയാൽ മാത്രമേ കേരള ഷോളയാർ നിറക്കാൻ സാധിക്കൂ. കേരളത്തിലെക്ക് വെള്ളം നൽകാത്തത് ചാലക്കുടിപ്പുഴ അടിസ്ഥാനപ്പെടുത്തി ഫെബ്രുവരി മുതൽ മേയ് വരെയുള്ള കുടിവെള്ള വിതരണത്തെ കാര്യമായി ബാധിക്കും. മഴയുടെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ തമിഴ്നാടി‍​െൻറ കരാർ ലംഘനം ഗുരുതരമായി കാണണമെന്നും കേരളത്തിന് അർഹതപ്പെട്ട ജലം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. എന്നാൽ, പറമ്പിക്കുളം റിസർവോയറി‍​െൻറ ക്യാച്ച്മ​െൻറ് ഏരിയയിലെ മഴക്കുറവാണ് വെള്ളം നൽകാതിരിക്കാൻ കാരണമായി തമിഴ്നാട് അധികൃതർ പറയുന്നത്. ഫെബ്രുവരി ഒന്നിനും സെപ്റ്റംബർ ഒന്നിനും ഷോളയാർ റിസർവോയറി‍​െൻറ പരമാവധി ശേഷിക്ക് അനുസൃതമായി വെള്ളം നിറക്കണമെന്നാണ് കേരളവും തമിഴ്നാടുമായുള്ള പി.എ.പി കരാറിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്. എന്നാൽ, തമിഴ്നാടി‍​െൻറ ഭാഗത്ത് നിന്നുള്ള കരാർ ലംഘനങ്ങൾ തുടർക്കഥയാണ്. സംസ്ഥാന താൽപര‍്യങ്ങൾ സംരക്ഷിക്കുന്ന തരത്തിൽ കരാർ നടത്തിക്കൊണ്ടുപോകാത്തതിൽ കേരളഅധികൃതരുടെ ഭാഗത്ത് വീഴ്ച സംഭവിക്കുന്നെന്ന ആരോപണവും ശക്തമാണ്. ഭാരതപ്പുഴ, പെരിയാർ, ചാലക്കുടിപ്പുഴ എന്നിവിടങ്ങളിലെ വെള്ളം പങ്കിടാൻ 1970 മേയ് 29നാണ് കേരളവും തമിഴ്നാടും പി.എ.പി കരാർ ഒപ്പുവെച്ചത്. എ. ശരത്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.