കെ.എസ്.ആർ.ടി.സി മഞ്ചേരി–തിരൂർ–പൊന്നാനി ചെയിൻ സർവിസ്​ നിർത്തുന്നു

കെ.എസ്.ആർ.ടി.സി മഞ്ചേരി-തിരൂർ-പൊന്നാനി ചെയിൻ സർവിസ് നിർത്തുന്നു സമയക്രമം പാലിക്കാൻ കഴിയുന്നില്ല വരുമാനത്തിൽ കാര്യമായ വർധനയില്ല മലപ്പുറം: വരുമാന വർധന ലക്ഷ്യമിട്ട് കെ.എസ്.ആർ.ടി.സി എട്ട് മാസം മുമ്പ് ആരംഭിച്ച മഞ്ചേരി-തിരൂർ--പൊന്നാനി ചെയിൻ സർവിസ് നിർത്തലാക്കാൻ നീക്കം തകൃതി. സമയക്രമം പാലിക്കാൻ കഴിയുന്നില്ലെന്നതും വരുമാനത്തിൽ കാര്യമായ വ്യത്യാസമില്ലെന്നതുമാണ് കാരണമായി പറയുന്നതെങ്കിലും ജീവനക്കാരുടെ നിസ്സഹകരണവും ഇതിന് പിന്നിലുണ്ടെന്നാണ് സൂചന. മലപ്പുറം ഡിപ്പോയുടെ 10 ബസുകൾ പഴയപോലെ മഞ്ചേരിയിൽനിന്ന് തിരൂർ വരെയാക്കും. പൊന്നാനിയിലെ ആറെണ്ണം തിരൂരിലേക്കും തിരിച്ചും ഓടും. പൊന്നാനിക്കും മഞ്ചേരിക്കും ഇടയിൽ ഏറ്റവുമധികം പേർ കയറുന്നത് തിരൂർ ബസ് സ്റ്റാൻഡിൽ നിന്നാണ്. മുമ്പ് പൊന്നാനി-തിരൂർ, മഞ്ചേരി-തിരൂർ ബസുകൾ ഇവിടെ പത്ത് മിനിറ്റ് നിർത്തിയിട്ടിരുന്നു. എന്നാൽ, ചെയിൻ സർവിസ് തുടങ്ങിയതോടെ ഇവ തിരൂരിലെത്തി ഉള്ള ആളുകളെ കയറ്റി പൊന്നാനിയിലേക്കും മഞ്ചേരിയിലേക്കും പോവുകയാണ്. അഞ്ച് മിനിറ്റ് ഇടവേളകളിൽ തിരൂരിൽ നിന്ന് മഞ്ചേരി ഭാഗത്തേക്ക് സ്വകാര്യ ബസുള്ളതിനാൽ യാത്രക്കാർക്ക് കെ.എസ്.ആർ.ടി.സിയെ കാത്തിരിക്കേണ്ടി വരുന്നില്ല. ട്രാക്കിൽ ബസുണ്ടെങ്കിലേ ആളുകൾ കയറിയിരിക്കൂവെന്നാണ് ജീവനക്കാർ പറയുന്നത്. ജോലി സമയം പരിഷ്കരിച്ചതോടെ തൊഴിലാളി യൂനിയനുകൾ നീരസത്തിലാണ്. വിശ്രമമില്ലാതെ ഓടുകയാണെന്നാണ് ഇവരുടെ പരാതി. ഇവരുടെ സമ്മർദവും ചെയിൻ സർവിസ് നിർത്താൻ ആലോചിക്കുന്നതിലേക്ക് നയിച്ചുവെന്നാണറിയുന്നത്. മഞ്ചേരി-തിരൂർ ബസ് ഷെഡ്യൂൾ പലതവണ പരിഷ്കരിച്ചിട്ടുണ്ട്. ആദ്യകാലത്തെ സമയക്രമം കെ.എസ്.ആർ.ടി.സിക്ക് മികച്ച വരുമാനം ഉണ്ടാക്കിക്കൊടുത്തിരുന്നു. എന്നാൽ, ഇടക്കിടെ മാറ്റുന്നത് ദോഷമായി. ഏറ്റവും ആദ്യത്തെ ഷെഡ്യൂൾ തിരിച്ചുകൊണ്ടുവരാനും നീക്കമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.