സ്​കൂളുകളിൽ 'ജാഗ്രത സമിതി': അധ്യാപകർക്ക് പരിശീലനം നൽകി

പാലക്കാട്: കുട്ടികൾക്കെതിരെയുള്ള അതിക്രമം തടയുന്നതിന് ജില്ലയിലെ സ്കൂളുകളിൽ ജില്ല പഞ്ചായത്ത് ഹരിശ്രീ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന 'ജാഗ്രത സമിതി' അംഗങ്ങളായ അധ്യാപകർക്ക് പരിശീലനം നൽകി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ. നാരായണദാസ് ഉദ്ഘാടനം ചെയ്തു. ഓരോ സ്കൂളിൽനിന്നും തെരഞ്ഞെടുത്ത അധ്യാപകർക്കാണ് പരിശീലനം. ബംഗളൂരു നിംഹാൻസിലെ ഡോ. കവിതാ മേനോൻ, എക്സൈസ് ഇൻസ്പെക്ടർ പി.കെ. സതീഷ് എന്നിവർ ക്ലാസെടുത്തു. ജില്ല പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഡി. ബിനുമോൾ, വിജയശ്രീ കോഒാഡിനേറ്റർ ഗോവിന്ദ് രാജ്, വിദ്യാഭ്യാസ വകുപ്പ് അക്കൗണ്ട്സ് ഓഫിസർ സായ്ഗിരി തുടങ്ങിയവർ പങ്കെടുത്തു. ബാലസൗഹൃദ പദ്ധതി: ജനപ്രതിനിധികൾക്ക് പരിശീലനം നൽകി പാലക്കാട്: ബാലസൗഹൃദ ജില്ല രൂപരേഖ തയാറാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികൾക്ക് ഏകദിന പരിശീലനം നൽകി. ജില്ല പഞ്ചായത്ത് സമ്മേളനഹാളിൽ നടന്ന പരിശീലനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും പരിഹരിക്കുന്നതിനായി ഏകീകൃത പ്രവർത്തനരീതി നടപ്പാക്കുന്നതിനായാണ് ജില്ല പഞ്ചായത്ത് കിലയുടെ സഹകരണത്തോടെ പരിശീലനം നൽകിയത്. എ.ഡി.എം എസ്. വിജയൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ സി.എൻ. ഷാജുശങ്കർ, പ്രിയ, ഡെപ്യൂട്ടി പ്ലാനിങ് ഓഫിസർ പി.എ. ഫാത്തിമ, കില ഫാക്കൽറ്റി അംഗങ്ങളായ അജിത് മേനോൻ, എ. നാരായണൻ എന്നിവർ പങ്കെടുത്തു. ബാലസൗഹൃദ പദ്ധതിയെപ്പറ്റിയും കുട്ടികളുടെ അവകാശത്തെപ്പറ്റിയും കില അസോ. പ്രഫ. ഡോ. പീറ്റർ എം. രാജ്, കില ഫാക്കൽറ്റി സജീവ് എന്നിവർ ക്ലാസെടുത്തു. മീസിൽസ്, -റുബെല്ല പ്രതിരോധ കുത്തിവെപ്പ്: ജില്ലയിൽ 53.45 ശതമാനം കുട്ടികൾ കുത്തിവെപ്പെടുത്തു പാലക്കാട്: ജില്ലയിൽ ഒക്ടോബർ മൂന്നിന് ആരംഭിച്ച മീസിൽസ്, -റുബെല്ല പ്രതിരോധ കുത്തിവെപ്പിൽ 53.45 ശതമാനം കുട്ടികൾ കുത്തിവെപ്പെടുത്തു. ജില്ലയിലെ കുത്തിവെപ്പ് നൽകേണ്ട 6,73,693 കുട്ടികളിൽ 3,60,063 കുട്ടികൾക്ക് ആരോഗ്യവകുപ്പ് കുത്തിവെപ്പ് നൽകി. ബാക്കിയുള്ള കുട്ടികൾക്ക് നവംബർ മൂന്നിനകം നൽകാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. ഒമ്പത് മാസത്തിനും 15 വയസ്സിനുമിടയിൽ പ്രായമുള്ള കുട്ടികൾക്കാണ് സ്കൂളുകൾ,-അംഗൻവാടികൾ വഴി അഞ്ചാംപനി -റുബെല്ല രോഗങ്ങൾക്കെതിരെ കുത്തിവെപ്പ് നൽകുന്നത്. വടക്കഞ്ചേരി, അഗളി എന്നിവിടങ്ങളിൽ 80 ശതമാനം കുട്ടികൾക്ക് വാക്സിനേഷൻ നൽകിയിട്ടുണ്ട്. തൃത്താലയിലെ മഹർഷി വിദ്യാലയത്തിലെ 1310 കുട്ടികൾക്കും കുത്തിവെപ്പ് നൽകി. ജില്ലയിൽ ഈ നേട്ടം ആദ്യം കൈവരിച്ച സ്കൂളാണ് മഹർഷി വിദ്യാലയം. കുത്തിവെപ്പിൽ പിന്നാക്കം നിൽക്കുന്ന അലനെല്ലൂർ, ചാലിശ്ശേരി, ചളവറ, കൊപ്പം മേഖലകളിലെ സ്കൂളുകളിൽ പി.ടി.എ യോഗങ്ങൾ ചേർന്ന് അധ്യാപകർക്കും രക്ഷിതാക്കൾക്കുമുള്ള ബോധവത്ക്കരണ പ്രവർത്തനങ്ങൾ തുടരുന്നുണ്ട്. കുത്തിവെപ്പ് ആരംഭിച്ചതിനുശേഷം ജില്ലയിൽ അനിഷ്്ടസംഭവങ്ങൾ ഒന്നുംതന്നെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.