ഒറ്റപ്പാലം: ഇടവേളക്കുശേഷം മുദ്രപത്രത്തിന് വീണ്ടും ക്ഷാമം നേരിടുന്നത് അത്യാവശ്യക്കാരെ വലക്കുന്നു. 50, 100 രൂപയുടെ മുദ്രപത്രങ്ങൾക്കാണ് ഒറ്റപ്പാലത്ത് ദിവസങ്ങളായി ക്ഷാമം. സ്റ്റാമ്പ് വെണ്ടർമാരെ സമീപിക്കുന്നവർക്ക് നിരാശയാണ് ഫലം. ജില്ലയിലെ വിവിധയിടങ്ങളിൽ ഇവയുടെ ലഭ്യത തേടി നെട്ടോട്ടമോടുന്നവർക്ക് അധിക സാമ്പത്തിക ബാധ്യതയും മിച്ചം. കരാർപത്രങ്ങൾ, വിവിധ സ്ഥാപനങ്ങളിൽ സമർപ്പിക്കാനുള്ള സത്യവാങ്മൂലം എന്നിവ തയാറാക്കാൻ 100, 200 രൂപയുടെ മുദ്രപത്രങ്ങളാണ് ആവശ്യം. എന്നാൽ, ക്ഷാമം നേരിട്ടതോടെ ഇവക്കുപകരം 500 രൂപയുടെ മുദ്രപത്രങ്ങൾ വാങ്ങാൻ നിർബന്ധിതരാകുകയാണ് അത്യാവശ്യക്കാർ. മണ്ണാർക്കാട്, പാലക്കാട്, പറളി തുടങ്ങിയ സ്ഥലങ്ങളിലും അയൽജില്ലകളിലും വരെ മുദ്രപത്രം അന്വേഷിച്ച് നടക്കുന്നവർക്ക് വണ്ടിക്കൂലി നഷ്ടവും നിരാശയും ബാക്കിയാവുന്ന അനുഭവങ്ങളേറെ. ഒറ്റപ്പാലം സബ്ട്രഷറിയെ സമീപിക്കുമ്പോൾ ആവശ്യാനുസരണം മുദ്രപത്രം ലഭിക്കുന്നില്ലെന്ന് സ്റ്റാമ്പ് വെണ്ടർമാർ പറയുന്നു. ജില്ല ഡിപ്പോയിൽനിന്ന് മുദ്രപത്രങ്ങൾ ലഭിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് ട്രഷറി ജീവനക്കാരും പറഞ്ഞു. ബാങ്കിൽനിന്ന് വായ്പയെടുക്കാനുള്ള അപേക്ഷക്കൊപ്പം പട്ടയം, അടിയാധാരം തുടങ്ങിയവയുടെ കുറവ് പരിഹരിക്കാൻ ലീഗൽ അഡ്വൈസർമാർ ഇതുസംബന്ധിച്ച് മുദ്രപത്രത്തിൽ സത്യവാങ്മൂലം തയാറാക്കാൻ നിർദേശിക്കുന്നത് പതിവാണ്. ഇതിനായി 100 രൂപയുടെ മുദ്രപ്പത്രം വേണ്ടിടത്ത് 500 രൂപ അനാവശ്യമായി മുടക്കാൻ നിർബന്ധിതരാവുകയാണ് പലരും. മാസങ്ങൾക്ക് മുമ്പും മേഖലയിൽ സമാനരീതിയിൽ മുദ്രപത്രക്ഷാമം നേരിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.