പാലക്കാട്: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും ഇന്ധന വിലവർധനക്കെതിരെയും യു.ഡി.എഫ് നടത്തിയ ഹർത്താൽ ജില്ലയിൽ പൊതുവെ സമാധാനപരം. എലപ്പുള്ളി, കോട്ടായി എന്നിവിടങ്ങളിൽ കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലേറുണ്ടായി. പാലക്കാട് സുൽത്താൻപേട്ടയിൽ 11.30ഒാടെ ഹർത്താലനുകൂലികൾ സ്വകാര്യ വാഹനങ്ങൾ തടയാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു. ചെറിയ തോതിൽ ലാത്തിവീശി. സംഭവത്തിൽ ചിലരെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. പാലക്കാട് എൽ.ഐ.സി ഓഫിസ് തുറന്ന് പ്രവർത്തിച്ചത് യു.ഡി.എഫ് പ്രവർത്തകർ തടയാൻ ശ്രമിച്ചു. ഷൊർണൂർ ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തിയ യാത്രക്കാർ വാഹനം കിട്ടാതെ വലഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികൾ ഏറെനേരം റെയിൽവേ സ്റ്റേഷനിൽ കുടുങ്ങി. സർക്കാർ, അർധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലെ ഹാജർനിലയിലും കുറവുണ്ടായി. പാലക്കാട് സിവിൽ സ്റ്റേഷനിലും ഹാജർനില കുറഞ്ഞു. എലപ്പുള്ളിയിലും കോട്ടായിയിലും കെ.എസ്.ആർ.ടി.സി ബസിനുനേരെ കല്ലേറുണ്ടായ സാഹചര്യത്തിൽ പൊലീസ് സംരക്ഷണയിലാണ് കൊയമ്പത്തൂർ സർവിസ് നടത്തിയത്. രാവിലെ 8.30ഒാടുകൂടിയാണ് പാലക്കാട്-പൊള്ളാച്ചി റൂട്ടിലോടുന്ന ബസിനുനേരെ എലപ്പുള്ളി നോമ്പിക്കാട് വെച്ച് കല്ലേറുണ്ടായത്. മുൻഭാഗത്തെയും പിറകിലെയും ഗ്ലാസ് പൊട്ടി. പിറകിലെ ഗ്ലാസ് പൂർണമായി തകർന്നു. കല്ലെറിഞ്ഞവർ ഇരുചക്രവാഹനത്തിൽ രക്ഷപ്പെട്ടു. ബസിൽ 30ഓളം യാത്രക്കാരുണ്ടായിരുന്നു. ഒരു യാത്രക്കാരന് നിസ്സാര പരിക്കേറ്റു. യാത്രക്കാരെ പൊള്ളാച്ചിയിലെത്തിച്ച ശേഷം ബസ് കസബ പൊലീസ് സ്റ്റേഷനിൽ പിടിച്ചെടുത്തു. സംഭവത്തിൽ പൊലീസ് കേസെടുത്തു. സംഭവത്തെ തുടർന്ന് പിന്നീട് പൊള്ളാച്ചിയിലേക്കുള്ള എല്ലാ സർവിസുകളും കെ.എസ്.ആർ.ടി.സി റദ്ദാക്കി. ഉച്ചക്ക് ശേഷം രണ്ടരയോടെയാണ് കോട്ടായി ജങ്ഷനിൽ പാലക്കാട്-ഗുരുവായൂർ ബസിന് നേരെ കല്ലേറുണ്ടായത്. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നെങ്കിലും അവരെത്തും മുമ്പേ കല്ലേറുണ്ടായി. സംഭവത്തിൽ കണ്ടാലറിയുന്ന അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. ബസ് കോട്ടായി പൊലീസ് സ്റ്റേഷനിൽ പിടിച്ചിട്ടു. പാലക്കാട് നഗരത്തിലെ മത്സ്യ, മാംസ മാർക്കറ്റൊഴികെ ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. സ്വകാര്യ ബസുകളും ടാക്സിയും ഓട്ടോറിക്ഷകളും സർവിസ് നടത്തിയില്ല. സ്വകാര്യ വാഹനങ്ങൾ ഓടിയെങ്കിലും ചിലയിടങ്ങളിൽ ഹർത്താലനുകൂലികൾ തടയാൻ ശ്രമിച്ചത് പ്രശ്നങ്ങൾക്കിടയാക്കി. വൈകീട്ട് നാലോടെ കടകൾ തുറന്നു പ്രവർത്തിച്ചു. ഹർത്താലിൽ നിന്ന് അതിർത്തി പ്രദേശങ്ങളെ ഒഴിവാക്കിയിരുന്നു. വടകരപ്പതി, കെഴിഞ്ഞാമ്പാറ, എരുത്തേമ്പതി പഞ്ചായത്തുകളെയും മീനാക്ഷിപുരം ഉൾപ്പെടുന്ന മൂലത്തറ വില്ലേജിനെയുമാണ് ദീപാവലി ആഘോഷങ്ങൾ പ്രമാണിച്ച് ഹർത്താലിൽ നിന്ന് ഒഴിവാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.