ശസ്ത്രക്രിയ സാധനങ്ങള്‍ അനാവശ്യമായി വാങ്ങിപ്പിച്ചതായി പരാതി

നിലമ്പൂര്‍: ജില്ല ആശുപത്രിയിൽ സിസേറിയന് വിധേയയായ യുവതിയോട് ആവശ‍്യമില്ലാത്ത ശസ്ത്രക്രിയ സാധനങ്ങൾ വാങ്ങിപ്പിച്ചതായി പരാതി. യുവതിയുടെ മാതാവാണ് പരാതിയുമായി രംഗത്ത് വന്നത്. ശസ്ത്രക്രിയക്ക് ആവശ്യമായ സാധനങ്ങൾ ആര്‍.എസ്.ബി.വൈ കാര്‍ഡ് ഉപയോഗിച്ച് ഇവരെക്കൊണ്ട് വാങ്ങിപ്പിച്ചിരുന്നു. ഇതിനിടെ മുറിവ് തുന്നിച്ചേര്‍ക്കുന്നതിനായി സ്റ്റാപ്ലര്‍ പിന്‍ വാങ്ങാന്‍ ആവശ്യപ്പെട്ടു. ഇതിനായി കാര്‍ഡ് ഉപയോഗിക്കാന്‍ ശ്രമിച്ചെങ്കിലും നല്‍കാനാവില്ലെന്ന് നീതി മെഡിക്കല്‍ സ്‌റ്റോര്‍ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് 1050 രൂപ നല്‍കി വാങ്ങി നല്‍കുകയായിരുന്നു. എന്നാല്‍ ശസ്ത്രക്രിയക്ക് ശേഷം ഇത് ഉപയോഗിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് യുവതിയുടെ മാതാവ് പിന്‍ തിരിച്ച് ചോദിച്ചെങ്കിലും നല്‍കാന്‍ ഓപറേഷന്‍ തീയറ്റര്‍ ജീവനക്കാര്‍ തയാറായില്ലെന്നാണ് പരാതി. വിവരമറിഞ്ഞ് മഹിള അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ആശുപത്രിയിലെത്തി. സൂപ്രണ്ടുമായി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും നാളെ വരാനായിരുന്നു മറുപടി. നിര്‍ധന രോഗികള്‍ ചികിത്സ തേടിയെത്തുമ്പോള്‍ ജില്ല ആശുപത്രിയില്‍ നീതി ലഭിക്കുന്നില്ലെന്ന് മഹിള അസോസിയേഷൻ കുറ്റപ്പെടുത്തി. രോഗികളെ കൊണ്ട് ആവശ‍്യമില്ലാത്ത സാധനങ്ങൾ വാങ്ങിപ്പിക്കുകയും പിന്നീട് ചില ജീവനക്കാർ മറിച്ച് വില്‍ക്കുകയാണെന്നും ഇവർ ആരോപിച്ചു. കൂറ്റമ്പാറ സ്വദേശിയായ യുവതിയുടെ ഭര്‍ത്താവും മാതാവും ആരോഗ്യമന്ത്രി, ഡി.എം.ഒ തുടങ്ങിയവര്‍ക്ക് പരാതി നല്‍കി. മഹിള അസോസിയേഷന്‍ ഏരിയ സെക്രട്ടറി അരുമ ജയകൃഷ്ണൻ, ഭാരവാഹികളായ കെ.പി. നിഷ, കെ.കെ. ഷൈലജ, പി.കെ. രതീദേവി, സുനന്ദ ഹരിദാസ്, ബേബി കുമാരി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. എന്നാൽ ആരോപണം വസ്തുതാപരമല്ലെന്നും ശസ്ത്രക്രിയക്ക് ഉപയോഗിക്കാനുള്ള സാധനങ്ങൾ മാത്രമാണ് വാങ്ങിപ്പിച്ചതെന്നുമാണ് ആശുപത്രി ജീവനക്കാരുടെ വിശദീകരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.