പലചരക്ക്, സുഗന്ധവ്യഞ്​ജന വിപണിയിൽ കടുത്ത മാന്ദ്യം

പാലക്കാട്: ജി.എസ്.ടി നടപ്പാക്കിയതോടെ പലചരക്ക്, സുഗന്ധ വ്യഞ്ജന വിപണിയിൽ കടുത്ത മാന്ദ്യം. ജൂലൈ മുതൽ വിപണിയിൽ കച്ചവടം കുറഞ്ഞെന്ന് പാലക്കാട്ടെ വ്യാപാരികൾ പറയുന്നു. അരിവിപണിയിലും മാന്ദ്യം പ്രകടമായി. ജി.എസ്.ടിയിൽ പല നിത്യോപയോഗ സാധനങ്ങൾക്കും നികുതി ഒഴിവാക്കിയതോടെ വിലയിൽ നേരിയ കുറവുണ്ടായെങ്കിലും അവ്യക്തത തുടരുന്നതിനാൽ വ്യാപാരികൾ പ്രതിസന്ധിയിലാണ്. ജി.എസ്.ടി നടപ്പാക്കുന്നതിന് മുമ്പത്തെ പകുതി കച്ചവടമേ ഇപ്പോൾ നടക്കുന്നുള്ളൂവെന്നും വ്യാപാരികൾ പറയുന്നു. പാക്ക് ചെയ്ത അരിക്ക് മാത്രമേ ജി.എസ്.ടിയിൽ നികുതി ഈടാക്കുന്നുള്ളൂവെങ്കിലും അരി വിപണിയിൽ വില കുറഞ്ഞിട്ടില്ല. എന്നാൽ, കഴിഞ്ഞ രണ്ട് മാസത്തോളമായി വിൽപനയിൽ നന്നേ കുറവുണ്ടായി. ഭക്ഷ്യ സുരക്ഷ നിയമം നടപ്പാക്കിയതും മാവേലി, സപ്ലൈകോ സ്റ്റോറുകൾ സജീവമായതും ഓണത്തോടനുബന്ധിച്ച് സൗജന്യ അരിവിതരണം വ്യാപകമായതുമാണ് പൊതുവിപണിയിൽ കച്ചവടം കുറഞ്ഞതെന്ന് അരി വ്യാപാരികൾ പറഞ്ഞു. സുഗന്ധവ്യഞ്ജന വിപണിയാണ് ഏറെ തളർന്നത്. ദീപാവലി സീസണിൽ കുരുമുളകടക്കമുള്ള സുഗന്ധവ്യഞ്ജനങ്ങൾക്ക് വില വർധിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും പലതിനും വില കുറയുകയാണ് ചെയ്തത്. ഏലം, ജാതി, ഗ്രാമ്പു തുടങ്ങിയ സുഗന്ധ വ്യഞ്ജന ഉൽപന്നങ്ങളുടെ വിലയിൽ ശരാശരി 50 രൂപയുടെ കുറവ് വന്നു. സാധാരണ ദീപാവലി സീസണിൽ ഉത്തരേന്ത്യയിൽ ഡിമാൻഡ് വർധിക്കുന്നതിനാൽ കുരുമുളകിന് വില വർധിക്കാറുണ്ട്. എന്നാൽ, വിയറ്റ്നാമിൽനിന്ന് കുരുമുളക് കുറഞ്ഞ വിലക്ക് ഇറക്കുമതി ചെയ്യുന്നതാണ് നാടൻ കുരുമുളകിന് വില കുറയാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. സുഗന്ധവ്യഞ്ജന വിപണിയിലും ജി.എസ്.ടി ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. ജി.എസ്.ടി നടപ്പാക്കിയ ആദ്യസമയത്ത് ഏറെ കോലാഹലമുണ്ടാക്കിയ കോഴി വില ഇപ്പോൾ 100 രൂപയിൽ താഴെയാണ്. നികുതി ഒഴിവാക്കിയതിനാൽ കിലോ 85 രൂപക്ക് വിൽക്കണമെന്ന സർക്കാർ നിർദേശം കച്ചവടക്കാർ അംഗീകരിച്ചിരുന്നില്ല. എന്നാൽ, ഇപ്പോൾ 85-90 രൂപയാണ് കോഴിയുടെ വില.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.