ആവേശക്കരയായി വേങ്ങര; കൊട്ടിക്കലാശത്തിലും ഇഞ്ചോടിഞ്ച്​

വേങ്ങര: വീറും വാശിയുമേറിയ പ്രചാരണത്തിനൊടുവിൽ ആവേശം മുറ്റിയ കൊട്ടിക്കലാശം. റോഡ്ഷോയും താളമേളങ്ങളും ഉപതെരഞ്ഞെടുപ്പിനൊരുങ്ങിയ വേങ്ങരയെ പ്രകമ്പനം കൊള്ളിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടത്തി​െൻറ ആവേശം കലാശക്കൊട്ടിലും പ്രകടമായി. വേങ്ങര ടൗണിൽ കലാശക്കൊട്ട് ഒഴിവാക്കിയതിനാൽ വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളിലാണ് കൊട്ടിക്കലാശം അരങ്ങേറിയത്. പറപ്പൂരിൽ ഇരുമുന്നണികളുടേയും പ്രവർത്തകർ ഒരേ സ്ഥലത്ത് സംഘടിച്ചത് നേരിയ സംഘർഷത്തിനിടയാക്കി. വി.െഎ.പി നേതാക്കളുടെ വരവോടെ തെരഞ്ഞെടുപ്പ് ആവേശം മൂർധന്യത്തിലെത്തിയ മണ്ഡലം അവസാന മണിക്കൂറുകളിൽ ഇളകിമറിയുകയായിരുന്നു. ഉൾപ്രദേശങ്ങളിൽ പോലും റോഡ്ഷോകളിൽ നൂറുകണക്കിന് പ്രവർത്തകർ അണിചേർന്നു. വേങ്ങര ടൗണിൽ തിങ്കളാഴ്ച കലാശക്കൊട്ട് നടത്തരുതെന്ന പൊലീസ് അറിയിപ്പ് ഉണ്ടായിരുന്നെങ്കിലും ഉച്ചക്ക് രണ്ടു മുതൽ തന്നെ ടൗണിൽ പ്രവര്‍ത്തകര്‍ എത്തിത്തുടങ്ങി. ഇതോടെ ചെറിയ തോതില്‍ ഗതാഗതം തടസ്സപ്പെട്ടു. എന്നാല്‍, പൊലീസി​െൻറ സമയോചിത ഇടപെടലിൽ മൂന്നു മണിയോടെ ജനം പിരിഞ്ഞു. ഗ്രാമപഞ്ചായത്ത് ആസ്ഥാനങ്ങളില്‍ വൈകുന്നേരം അഞ്ചുവരെയും പ്രവര്‍ത്തകര്‍ റോഡില്‍ തടിച്ചു കൂടി. എ.ആർ നഗറിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ കുന്നുംപുറം ടൗണ്‍ പിടിച്ചടക്കി. ബി.ജെ.പി പ്രവര്‍ത്തകര്‍ ബാൻഡ്മേളവുമായി യു.ഡി.എഫിന് പിറകില്‍ സ്ഥാനമുറപ്പിച്ചിരുന്നു. വേങ്ങര വലിയോറയിലും ആഘോഷമായിതന്നെ പരസ്യപ്രചാരണം അവസാനിപ്പിച്ചു. രണ്ടാഴ്ചകളോളം മണ്ഡലത്തെ ശബ്ദമുഖരിതമാക്കിയ പ്രചാരണത്തിനാണ് തിങ്കളാഴ്ച വൈകീട്ട് ആറിന് തിരശ്ശീല വീണത്. യു.ഡി.എഫ് പ്രവര്‍ത്തകര്‍ തിങ്കളാഴ്ച ബൂത്തുകള്‍ കേന്ദ്രീകരിച്ച് ഗൃഹസന്ദര്‍ശനം നടത്തി. സ്ഥാനാർഥി അഡ്വ. കെ.എൻ.എ. ഖാദര്‍ പരമാവധി സ്ഥലങ്ങളില്‍ ഓടിയെത്തി വോട്ടര്‍മാരെ കണ്ടു. ബൂത്തുകള്‍ കേന്ദ്രീകരിച്ച് വോട്ടിങ് യന്ത്രം പരിചയപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളിലായിരുന്നു എൽ.ഡി.എഫ് പ്രവര്‍ത്തകര്‍. പ്രധാന കവലകളില്‍ സ്ഥാനാര്‍ഥി അഡ്വ. പി.പി. ബഷീര്‍ ഓട്ടപ്രദക്ഷിണം നടത്തി. റോഡ്ഷോയും അരങ്ങേറി. നിശ്ശബ്ദ പ്രചാരണ ദിവസമായ ചൊവ്വാഴ്ച വിട്ടുപോയ കേന്ദ്രങ്ങളിലെത്തി പ്രവർത്തകർ വോട്ടുറപ്പിക്കും. സ്ഥാനാർഥികൾക്കും വിശ്രമമുണ്ടാവില്ല. ബുധനാഴ്ച വോെട്ടടുപ്പ് ദിവസം പരമാവധി വോട്ടർമാരെ ഉച്ചക്കുമുമ്പുതന്നെ പോളിങ് കേന്ദ്രങ്ങളിെലത്തിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് മുന്നണികൾ. ചൊവ്വാഴ്ച ഇതിനായി അവലോകന യോഗങ്ങൾ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.