പാലക്കാട് നഗരസഭയിലെ മാലിന്യപ്രശ്നം ഹൈകോടതിയിൽ

പാലക്കാട്: നഗരസഭ പരിധിക്കുള്ളിലെ താമസക്കാരിൽനിന്ന് ജൈവ മാലിന്യം ശേഖരിക്കില്ലെന്ന നഗരസഭയുടെ നിലപാട് കോടതി കയറുന്നു. ക്യാപ് (കോളനി അസോസിയേഷൻ ഓഫ് പാലക്കാട്) പ്രസിഡൻറ് ഡോ. എം.എൻ. അനുവറുദ്ദീനാണ് ഹൈകോടതിയിൽ ഹരജി നൽകിയത്. കേസ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ച് തിങ്കളാഴ്ച പരിഗണിച്ചേക്കും. നഗരസഭ സെക്രട്ടറി, കലക്ടർ, ഡി.എം.ഒ മലിനീകരണ നിയന്ത്രണ ബോർഡ്, കുടുംബശ്രീ ജില്ല കോഓഡിനേറ്റർ, നഗരകാര്യ ഡയറക്ടർ എന്നിവരെ പ്രതിചേർത്താണ് ഹരജി നൽകിയത്. ഫ്ലാറ്റ് നിവാസികൾക്കും ചേരിനിവാസികൾക്കും ഉറവിട മാലിന്യ സംസ്കരണ സംവിധാനം ഒരുക്കുന്നതിന് കൂടുതൽ സമയം അനുവദിക്കാൻ കഴിയില്ലെന്ന് നഗരസഭ നിലപാട് കടുപ്പിച്ചതോടെയാണ് കോടതിയെ സമീപിക്കാൻ തീരുമാനിച്ചതെന്ന് ഡോ. എം.എൻ. അനുവറുദ്ദീൻ പറഞ്ഞു. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് 2016ൽ കേന്ദ്രം ഭേദഗതി വരുത്തിയ നിയമം ലംഘിക്കുകയാണ് പാലക്കാട് നഗരസഭയെന്ന് ഹരജിക്കാരൻ പരാതിയിൽ പറയുന്നു. സ്വച്ഛ് ഭാരത് മിഷൻ പദ്ധതി നടപ്പാക്കുന്നതി​െൻറ ഭാഗമായാണ് കേന്ദ്രം നിയമം പരിഷ്കരിച്ചത്. നഗരസഭയുടെ നിയമലംഘനം പ്രധാന മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഹരജിക്കാരൻ പറഞ്ഞു. കൊടുമ്പ്, കൂട്ടുപാത എന്നിവിടങ്ങളിൽ നഗരസഭക്ക് സ്വന്തമായി മാലിന്യ സംസ്കരണ പ്ലാൻറുകളുണ്ട്. ഉറവിട മാലിന്യ സംസ്കരണത്തിൽനിന്ന് വ്യാപാര സ്ഥാപനങ്ങളെ ഒഴിവാക്കിയതും ദുരൂഹമാണെന്നും ആരോപണമുണ്ട്. എന്നാൽ, നിയമ ലംഘനം നടത്തിയിട്ടില്ലെന്നാണ് നഗരസഭയുടെ നിലപാട്. നിയമത്തിൽ അനുശാസിക്കുന്ന തരത്തിൽ ഉറവിട മാലിന്യ സംസ്കരണം പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് നഗരസഭ സ്വീകരിച്ചതെന്നാണ് അവരുടെ നിലപാട്. ഒക്ടോബർ ഒന്നുമുതലാണ് നഗരസഭ, വീടുകളിൽനിന്ന് ജൈവ മാലിന്യം ശേഖരിക്കുന്നത് നിർത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.