ലംഘനം തുടരുന്നു; ആളിയാർ കരാർ പ്രകാരം ലഭിക്കേണ്ട വെള്ളത്തിൽ വൻകുറവ്

ലഭിച്ചത് 1331 ദശലക്ഷം ഘനയടി പാലക്കാട്: പറമ്പിക്കുളം-ആളിയാർ കരാർ പ്രകാരം കേരളത്തിന് ലഭിക്കേണ്ട വെള്ളത്തിൽ വൻകുറവ്. ജൂലൈ ഒന്നുമുതൽ ഒക്ടോബർ നാലുവരെ ലഭിക്കേണ്ട 2,580 ദശലക്ഷം ഘനയടി വെള്ളത്തിന് പകരം 1,331 ദശലക്ഷം ഘനയടി മാത്രമാണ് തമിഴ്നാട് വിട്ടുനൽകിയത്. 1,249 ദശലക്ഷം ഘനയടി വെള്ളം കുറവാണിത്. കരാർ പ്രകാരം 5,919 ദശലക്ഷം ഘനയടി ജലമാണ് ജൂലൈ മുതൽ ജൂൺ 30 വരെ കേരളത്തിന് ലഭിക്കേണ്ടത്. ജൂലൈ മാസത്തിൽ 260 ദശലക്ഷം ഘനയടി വെള്ളം നൽകേണ്ട സ്ഥാനത്ത് 151 ദശലക്ഷം ഘനയടി മാത്രമാണ് ലഭിച്ചത്. ആഗസ്റ്റിൽ 410 ദശലക്ഷം ഘനയടി ലഭിക്കേണ്ടിടത്ത് 235 ദശലക്ഷം ഘനയടി മാത്രമാണ് ലഭിച്ചത്. സെപ്റ്റംബറിൽ 1,210 ദശലക്ഷം ഘനയടി ലഭിക്കേണ്ടത് 840 ദശലക്ഷം ഘനയടിയും ഒക്ടോബറിൽ ആദ്യഘട്ടം 700 ദശലക്ഷം ഘനയടി ലഭിക്കേണ്ടിടത്ത് 105 ദശലക്ഷം ഘനയടിയും മാത്രമാണ് ലഭിച്ചത്. മുൻവർഷത്തേക്കാൾ മഴ ലഭിച്ച ഈ വർഷം കരാർ പ്രകാരം വെള്ളം വിട്ടുനൽകാത്തത് കേരളത്തിലെ രണ്ടാംവിളയെ പ്രതികൂലമായി ബാധിക്കും. ആളിയാർ കരാർ പ്രകാരം അർഹതപ്പെട്ട വെള്ളം വിട്ടുനൽകാനായി മുഖ്യമന്ത്രിതലത്തിലും ഉന്നത ഉദ്യോഗസ്ഥതലത്തിലും ചർച്ച നടന്നെങ്കിലും തമിഴ്നാട് അർഹതപ്പെട്ടതിലും പകുതിവെള്ളം മാത്രമേ നൽകുന്നുള്ളൂ. വെള്ളം നൽകാത്തതോടെ ചിറ്റൂർ പുഴയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. കരാർ പ്രകാരം തടയണകളിൽനിന്ന് ലഭിച്ച വെള്ളം (ദശലക്ഷം ഘനയടിയിൽ). ബ്രാക്കറ്റിൽ കഴിഞ്ഞ വർഷത്തെ ജല ലഭ്യത ശതമാനം: ലോവർ നീരാർ -114.85 (104.69), തമിഴ്നാട് ഷോളയാർ -4786.05 (172.10) , കേരള ഷോളയാർ -5320 (119.79), പറമ്പിക്കുളം - 11113.87 (122), തൂണക്കടവ് - 543.66 (99.52), പെരുവാരിപ്പള്ളം - 602.60 (99.43), തിരുമൂർത്തി - 1463.12 (204.09), ആളിയാർ -1879.78 (210.31).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.