ഗ്രാറ്റുവിറ്റിക്കായി അലച്ചിൽ; ടൈൽ തൊഴിലാളികൾ ദുരിതത്തിൽ

വണ്ടൂർ: ലേബര്‍ കമീഷനര്‍ അനുവദിച്ച ഗ്രാറ്റുവിറ്റിക്ക് വേണ്ടിയുള്ള തൊഴിലാളികളുടെ അലച്ചിലിന് അറുതിയാവുന്നില്ല. വണ്ടൂര്‍ ടൈല്‍ വര്‍ക്കേഴ്‌സിലെ പഴയകാല തൊഴിലാളികളാണ് പണം ലഭിക്കുന്നതിനായി ഓഫിസും കോടതിയും കയറിയിറങ്ങുന്നത്. കമ്പനിയില്‍ നിന്ന് 2010ന് മുമ്പ് പിരിച്ചുവിട്ട തൊഴിലാളികളാണ് ദുരിതത്തിലായിരിക്കുന്നത്. സി.പി.എം നിയന്ത്രണത്തിലെ സൊസൈറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നിന്ന് ഗ്രാറ്റുവിറ്റി ലഭിക്കാന്‍ 2010ലാണ് തൊഴിലാളികള്‍ അപേക്ഷ നൽകിയത്. 20ഉം 22ഉം വര്‍ഷം കമ്പനിയില്‍ ജോലി ചെയ്ത തൊഴിലാളികളെയാണ് പല കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കിയത്. ഗ്രാറ്റുവിറ്റി നൽകുന്നതില്‍ അന്നത്തെ സൊസൈറ്റി പ്രസിഡൻറടക്കമുള്ളവര്‍ നിഷേധാത്മക സമീപനം സ്വീകരിച്ചതോടെ തൊഴിലാളികള്‍ മലപ്പുറം ലേബര്‍ ഓഫിസര്‍ക്ക് പരാതി നൽകി. എന്നാല്‍ കേസ് ഒത്തു തീര്‍പ്പാക്കാമെന്ന് പറഞ്ഞ് കമ്പനി കേസ് നീട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. ഒടുവില്‍ 2016ൽ തൊഴിലാളികള്‍ക്ക് അനുകൂലമായ വിധി വന്നു. എന്നാല്‍ ഇതി​െൻറ വിധി പകര്‍പ്പ് നൽകാതെ നിരവധി തവണ ഉദ്യോഗസ്ഥര്‍ ഇവരെ കബളിപ്പിച്ചു. ഇതുസംബന്ധിച്ച് ജില്ല കലക്ടര്‍ക്കും സി.പി.എം ജില്ല, ഏരിയ സെക്രട്ടറിക്കുമെല്ലാം നിരവധി തവണ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ഇവര്‍ പറയുന്നു. പിന്നീട് ഓഫിസിലെത്തി പ്രതിഷേധിച്ചപ്പോഴാണ് പകര്‍പ്പ് നൽകിയത്. ശേഷം തൊഴിലാളികൾ കേസില്‍ നിന്ന് പിന്‍മാറി. അനുവദിച്ച കിട്ടിയ ഗ്രാറ്റുവിറ്റി തുകയേക്കാൾ അധികം പണം കോടതിയും ഓഫിസും കയറിയിറങ്ങി തങ്ങള്‍ക്ക് നഷ്ടപ്പെെട്ടന്ന് പരാതിക്കാരിലൊരാളായ ഒ. ചന്ദ്രന്‍ പറഞ്ഞു. എന്നാൽ അര്‍ഹമായ തുക നൽകാന്‍ തങ്ങള്‍ തയാറായിരുന്നെങ്കിലും കൂടുതൽ ആവശ്യപ്പെട്ടതുകൊണ്ടാണ് പ്രശ്‌നം വഷളായതെന്ന് സൊസൈറ്റിയുടെ നിലവിലെ പ്രസിഡൻറ് കാപ്പില്‍ ജോയ് പറഞ്ഞു. നഷ്ടത്തിലായ കമ്പനി പ്രവര്‍ത്തിക്കുന്നത് തൊഴിലാളികൾക്ക് വേണ്ടിയാണെന്നും തൊഴിലാളി വിരുദ്ധ സമീപനം സ്വീകരിച്ചുവെന്നത് തെറ്റായ പ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.