നിർമാണസ്ഥലം തണ്ണീർത്തട പരിധിയിൽ; മെഡി. കോളജ് ഹോസ്​റ്റലുകൾക്ക്​ വീണ്ടും തടസ്സം

മഞ്ചേരി: മെഡിക്കൽ കോളജിൽ വിദ്യാർഥികൾക്കും അധ്യാപകർക്കുമായുള്ള ഹോസ്റ്റലിന് ടെൻഡർ നടപടി വീണ്ടും നീളുന്നു. നിർമാണസ്ഥലം തണ്ണീർത്തട സംരക്ഷണ നിയമത്തി‍​െൻറ പരിധിയിൽ വരുന്നതാണെന്നതാണ് എസ്റ്റിമേറ്റ് പുതുക്കിയപ്പോഴുള്ള പുതിയ തടസ്സം. ഇത് നീക്കിക്കിട്ടാൻ സർക്കാർതലത്തിൽ ശ്രമം നടത്തുകയാണ്. ആദ്യം 60 കോടിയുടെ നാല് ഹോസ്റ്റലുകളും ഒാഡിറ്റോറിയവുമടക്കം 76 കോടിയുടെ പദ്ധതിയായിരുന്നത് ഇപ്പോൾ 103 കോടിയുടെ പദ്ധതിയായിട്ടുണ്ട്. ആദ്യബാച്ചുകാർ പഠനം കഴിഞ്ഞ് ഹൗസ് സർജൻസിയിലേക്ക് നീങ്ങാറായിട്ടും വിദ്യാർഥികൾക്കും അധ്യാപകർക്കുമുള്ള ഹോസ്റ്റൽ കടലാസിൽ തുടരുകയാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും രണ്ട് ഹോസ്റ്റൽ, അധ്യാപകർക്കും അനധ്യാപകർക്കുമായി രണ്ട് ക്വാർട്ടേഴ്സ് ബ്ലോക്കുകൾ, കോളജിൽ ഒാഡിറ്റോറിയം എന്നിവയാണ് പദ്ധതിയിൽ. നിലവിൽ ആശുപത്രി ബ്ലോക്കിന് മുകളിൽ ഒരുനില വിട്ടുനൽകിയാണ് വിദ്യാർഥികളെ താമസിപ്പിക്കുന്നത്. ഇത് ആശുപത്രി ആവശ്യങ്ങൾക്കുതന്നെ വിട്ടുകിട്ടണമെന്ന ആവശ്യം ശക്തമാണ്. 60 കോടിയുടെ പദ്ധതിക്ക് അംഗീകാരം നൽകിയതല്ലാതെ വേണ്ടത്ര ഫണ്ട് നീക്കിവെക്കാനും പദ്ധതി ടെൻഡർ െചയ്ത് ഏൽപ്പിച്ചുനൽകാനും മുൻ സർക്കാർ വേണ്ടത്ര താൽപര്യമെടുത്തില്ല. ഇപ്പോഴത്തെ സർക്കാറും കഴിഞ്ഞ ഒന്നരവർഷം കൊണ്ട് പദ്ധതിയുടെ എസ്റ്റിമേറ്റ് വിപുലീകരിച്ചതല്ലാതെ ടെൻഡറിന് ശ്രമം നടത്തിയില്ല. അവഗണനക്കെതിരെ വിദ്യാർഥികൾ സമരത്തിനിറങ്ങിയപ്പോഴാണ് മന്ത്രിതലത്തിൽ ചർച്ച നടത്തി ഊർജിതമാക്കാനുള്ള ശ്രമങ്ങൾ നടത്താൻ തുടങ്ങിയത്. പുതിയ ബാച്ചിലേക്ക് പ്രവേശനം നൽകിയെങ്കിലും ഹോസ്റ്റലുകളും അധ്യാപകര്‍ക്കുള്ള ക്വാര്‍ട്ടേഴ്സുകളും ഇല്ലാത്തത് പ്രതിസന്ധിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.