mplmji2 പെരുമാറ്റച്ചട്ടം: തൊഴിലുറപ്പ് ബജറ്റിനായി പ്രത്യേക ഗ്രാമസഭ ജില്ലയിൽ മുടങ്ങി

പെരുമാറ്റച്ചട്ടം: പ്രത്യേക ഗ്രാമസഭ ജില്ലയിൽ മുടങ്ങി ടെൻഡർ കഴിഞ്ഞ പ്രവൃത്തിക്ക് അംഗീകാരം നൽകാനും തടസ്സം മഞ്ചേരി: ഗാന്ധിജയന്ധി ദിവസം സംസ്ഥാനത്തെ മുഴുവൻ വാർഡുകളിലും തൊഴിലുറപ്പ് പദ്ധതിക്കായി പ്രത്യേക ഗ്രാമസഭ നടക്കാൻ സർക്കാർ നൽകിയ നിർേദശം ജില്ലയിൽ നടപ്പായില്ല. വേങ്ങര ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലായിരുന്നു ഇത്. കേന്ദ്ര സർക്കാർ മാർഗനിർദേശമനുസരിച്ചാണ് മുഴുവൻ തൊഴിലാളി കുടുംബങ്ങളെയും പങ്കെടുപ്പിച്ച് ഗ്രാമസഭ നടത്താൻ നിർദേശം നൽകിയത്. പൂർത്തിയായ വർഷത്തെ തൊഴിലുറപ്പ് പദ്ധതി പുരോഗതിയും ചെലവഴിച്ച തുകയും ഗ്രാമസഭയിൽ അവതരിപ്പിക്കണം. നടന്നുവരുന്ന പ്രവൃത്തികളെക്കുറിച്ചും ഏറ്റെടുത്തിട്ടും തുടങ്ങാതെയിട്ടതുമായ പ്രവൃത്തികളെക്കുറിച്ചും വിശദീകരണം നൽകണമെന്നും നിർദേശങ്ങളിലുണ്ടായിരുന്നു. ജല സംരക്ഷണം, പ്രകൃതി വിഭവ പരിപാലനം എന്നിവ സംബന്ധിച്ചുള്ള ബോധവത്കരണവും ഇതുവഴി നടക്കണം. വാർഡിൽ ശുചിത്വ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് കമ്പോസ്റ്റ് സോക്ക്പിറ്റ് എന്നിവയുടെ ആവശ്യകതയും ചർച്ച ചെയ്യാൻ അറിയിച്ചിരുന്നു. ഗ്രാമസഭ മുഴുവൻ വാർഡിലും നടത്തിയെന്ന് തെളിയിക്കാൻ നടപടിക്രമങ്ങൾ ഫോട്ടോ അടക്കം ഫയൽ ചെയ്ത് ജോയൻറ് പ്രോഗ്രാം കോഒാഡിനേറ്റർമാർ മിഷൻ ഡയറക്ടർക്ക് നൽകണമെന്നും സർക്കാർ അറിയിച്ചിരുന്നു. തൊഴിലുറപ്പ് പദ്ധതിക്ക് മാത്രമായി നടത്തുന്ന ഗ്രാമസഭ ഫലത്തിൽ സോഷ്യൽ ഒാഡിറ്റിങ്ങായിട്ടാണ് നിർദേശിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം 17ന് അവസാനിച്ചാൽ ഗ്രാമസഭ നടത്താനാണ് ആലോചന. അതേസമയം, ഗ്രാമസഭ നടത്താതെ ഉദ്യോഗസ്ഥരെ വെച്ച് അടുത്തവർഷത്തേക്ക് തൊഴിലുറപ്പ് ബജറ്റ് നൽകാനാണ് ചില പഞ്ചായത്തുകളുടെ ആലോചന. ഗ്രാമവികസന വകുപ്പിനാണ് ഗ്രാമസഭ നടത്തിയെന്ന് ഉറപ്പാക്കാനുള്ള ചുമതലയെന്നിരിക്കെ ഗ്രാമസഭ ചേരാത്ത തൊഴിലുറപ്പ് ബജറ്റിന് അംഗീകാരം നൽകാനാവില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണം ജില്ലയിൽ പ്രാദേശിക ഭരണകൂടങ്ങളുടെ മുഴുവൻ പ്രവർത്തനവും നിലച്ച മട്ടാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.