കരുവാരകുണ്ടിൽ ലീഗ് ഭരണസമിതിക്കെതിരെ അവിശ്വാസവുമായി കോൺഗ്രസ്

കരുവാരകുണ്ട്: യു.ഡി.എഫ് സംവിധാനമുണ്ടാക്കുന്നതിന് അണിയറ ചർച്ച സജീവമായിരിക്കെ കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് മുസ്ലിം ലീഗ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയവുമായി കോൺഗ്രസ്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. മുഹമ്മദ് മാസ്റ്റർ, വൈസ് പ്രസിഡൻറ് റോഷ്നി സുരേന്ദ്രൻ എന്നിവർക്കെതിരെയാണ് കോൺഗ്രസ് അംഗങ്ങൾ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. കോൺഗ്രസ് അംഗങ്ങളായ വി. ആബിദലി, കുര്യച്ചൻ കോലഞ്ചേരി എന്നിവരാണ് കാളികാവ് ബ്ലോക്ക് വികസന ഓഫിസർ പി. കേശവദാസ് മുമ്പാകെ നോട്ടീസ് നൽകിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ വേറിട്ട് മത്സരിച്ച ലീഗിന് ഒമ്പതും കോൺഗ്രസിന് ഏഴും സീറ്റ് ലഭിച്ചിരുന്നു. ലീഗും കോൺഗ്രസും വേറിട്ട് മത്സരിച്ച കാളികാവ്, എടപ്പറ്റ, ചോക്കാട് ഗ്രാമപഞ്ചായത്തുകളിൽ ജില്ല നേതൃത്വത്തി​െൻറ ഇടപെടലോടെ യു.ഡി.എഫ് സംവിധാനം വരികയും ഭരണം പങ്കിടുകയും ചെയ്തിരുന്നു. കരുവാരക്കുണ്ടിൽ യു.ഡി.എഫ് സംവിധാനം കൊണ്ടുവരുന്നതിന് എ.പി. അനിൽകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ ചർച്ച നടന്നിരുന്നു. സെപ്റ്റംബറിൽ പ്രസിഡൻറ് പദം കോൺഗ്രസിന് നൽകാമെന്ന് ലീഗ് നേതൃത്വം അനൗപചാരിക ചർച്ചയിൽ സമ്മതിച്ചിരുന്നു. എന്നാൽ ഇത് നീണ്ടുപോയി. പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയുടെ നിർദേശത്തെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ച ലീഗ് പഞ്ചായത്ത് കമ്മിറ്റി ചേർന്ന് പ്രസിഡൻറ് പദം കൈമാറാൻ ധാരണയിലെത്തി. ഇതുമായി ബന്ധപ്പെട്ട ചർച്ച നടന്നുകൊണ്ടിരിക്കെയാണ് പാർട്ടി നേതൃത്വത്തി​െൻറ സമ്മതത്തോടെ ചൊവ്വാഴ്ച കോൺഗ്രസ് അംഗങ്ങൾ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.