പട്ടാമ്പിയിലെ ആദിവാസി കുടുംബങ്ങൾക്ക് ജാതി സർട്ടിഫിക്കറ്റ് നൽകാൻ അനുമതി

പട്ടാമ്പി: മുതുതല പഞ്ചായത്തിലെ മയിലാടിപ്പാറ കുന്നിലെയും കൊപ്പം പഞ്ചായത്തിലെയും ആദിവാസി കുടുംബങ്ങൾക്ക് ജാതിസർട്ടിഫിക്കറ്റ് നൽകാൻ അനുമതി. ഇത് സംബന്ധിച്ച അറിയിപ്പ് ജില്ല പട്ടികവർഗ ഓഫിസിൽ നിന്ന് ലഭിച്ചതായി പട്ടികജാതി ജില്ല ഉപദേശക സമിതി മുൻ അംഗം ചോലയിൽ വേലായുധൻ പറഞ്ഞു. 2015 ജനുവരി 15ന് ജില്ല പട്ടികവർഗ ഓഫിസറുടെ നേതൃത്വത്തിൽ മയിലാടിപ്പാറ കുന്നിലെ ആദിവാസി കുടുംബങ്ങളെ സന്ദർശിക്കുകയും ജാതി സർട്ടിഫിക്കറ്റ് അനുവദിക്കാനാവശ്യമായ നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. ആദിവാസി വിഭാഗത്തിലെ ചോലനായ്ക്കൻ ജാതിയിൽപ്പെട്ടവരാണ് ഇവിടെ കഴിയുന്നത്. ഇവരുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമീഷന് കേരള ദലിത് ഫോറം പരാതി നൽകിയിരുന്നു. ഈ കുടുംബങ്ങൾ ഭൂമിയും വീടും നൽകാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ല കലക്ടർ, ജില്ല പട്ടികജാതി ഓഫിസർ എന്നിവർക്ക് നിവേദനം നൽകുമെന്ന് ചോലയിൽ വേലായുധൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.