ഇല്ലായ്മയിൽനിന്ന് രാജേഷ് ചാടിയെടുത്ത വെള്ളിക്ക് സ്വർണത്തിളക്കം

പാലക്കാട്: പറഞ്ഞു പഴകിയ പരിഭവങ്ങളെ ഒരുവേള ട്രാക്കിന് പുറത്തുനിർത്തി രാജേഷ് പുതിയ സമയവും ദൂരവും കുറിച്ചപ്പോൾ ലഭിച്ചത് ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിലെ വെള്ളിമെഡലും ലോക മാസ്റ്റേഴ്സ് മീറ്റിൽ പങ്കെടുക്കാനുള്ള യോഗ്യതയും. കഴിഞ്ഞ ദിവസമാണ് ചൈനയിൽ നടക്കുന്ന ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിൽ പാലക്കാട് കുത്തന്നൂർ സ്വദേശി 4x100 റിലേയിൽ വെള്ളിയും ലോങ്ജംബിൽ ലോക മീറ്റിനുള്ള യോഗ്യതയും നേടിയത്. മൂന്ന് വർഷമായി മാസ്റ്റേഴ്സ് മീറ്റിൽ തുടർച്ചയായി മത്സരിച്ച് മെഡൽ നേടുന്ന ഇന്ത്യൻ താരമാണ് രാജേഷ്. കഴിഞ്ഞവർഷം സിംഗപ്പൂരിൽ നടന്ന ഏഷ്യൻ മീറ്റിൽ 100 മീറ്റർ മത്സരത്തിൽ വെള്ളി നേടി. എന്നാൽ, ആസ്ട്രേലിയയിൽ നടന്ന ലോക മീറ്റിൽ വിസ പ്രശ്നം കാരണം പങ്കെടുക്കാനായില്ല. ഇത്തവണ സ്പെയിനിലാണ് ലോക മീറ്റ് നടക്കുന്നത്. കഴിഞ്ഞ വർഷം ദേശീയ മീറ്റിൽ 100, 200 മീറ്റർ മത്സരങ്ങളിൽ ചാമ്പ്യനായിരുന്നു രാജേഷ്. പരിമിതികൾക്ക് നടുവിൽനിന്നാണ് രാജേഷ് നേട്ടങ്ങൾ കൊയ്യുന്നത്. ഒരു ജോലിയെന്ന സ്വപ്നം രാജേഷിന് ഇപ്പോഴും വിദൂരം. ഏറെ വാതിലുകൾ മുട്ടിയെങ്കിലും ഒന്നും തുറക്കപ്പെട്ടില്ല. അത്ലറ്റിക്സ് മത്സരങ്ങൾക്ക് പോകാനുള്ള ഭാരിച്ച ചെലവ് സ്വന്തമായി കണ്ടെത്തേണ്ടതോടൊപ്പം കുടുംബത്തി​െൻറ ചുമതലയും ഇദ്ദേഹത്തി​െൻറ ഉത്തരവാദിത്തമാണ്. കുത്തന്നൂർ സത്രപടിയിൽ നടത്തുന്ന ബുക്ക് സ്റ്റാളാണ് രാജേഷി​െൻറ ഏകവരുമാനം. ഇതിനു പുറമെ, തുച്ഛമായ വരുമാനത്തിൽനിന്ന് ഒരുഭാഗം മാറ്റിവെച്ച് കഞ്ചിക്കോട് ഹൈസ്കൂൾ കേന്ദ്രീകരിച്ച് എഴുപതോളം കുട്ടികൾക്ക് കായികപരിശീലനവും നൽകുന്നുണ്ട്. മന്ത്രി എ.കെ. ബാലനും അന്നത്തെ കായിക മന്ത്രി ഇ.പി. ജയരാജനും ഇടപെട്ടതി​െൻറ ഫലമായി മലബാർ സിമൻറ്സിൽനിന്ന് സിംഗപ്പൂർ കായിക മേളയിൽ പങ്കെടുക്കാനായി 1.5 ലക്ഷം രൂപ നൽകിയിരുന്നു. സുഹൃത്തുക്കളും സമൂഹ മാധ്യമ സുഹൃത്തുക്കളും 80,000 രൂപയും സമാഹരിച്ച് നൽകി. അതിൽനിന്ന് മാറ്റിവെച്ച തുകയുമായിട്ടാണ് ഇത്തവണ ചൈനയിൽ പോയത്. ഇനി സ്പെയിനിൽ നടക്കുന്ന ലോക മാസ്റ്റേഴ്സ് മീറ്റിൽ പങ്കെടുക്കണമെങ്കിൽ വേറെ പണം കണ്ടെത്തണം. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.