തമിഴ്നാട് ഇടപെടൽ; കോഴിവില താഴോട്ട്

മലപ്പുറം: ചരക്കുസേവന നികുതി പ്രാബല്യത്തിൽ വന്നതിനെ തുടർന്ന് ആഴ്ചകൾക്കുശേഷം കേരളത്തിൽ കോഴിവില നൂറിൽ താഴെയെത്തി. ജീവനുള്ള കോഴി കിലോ 90 രൂപക്ക് ലഭിച്ചുതുടങ്ങി. വിവാഹപാർട്ടികൾക്ക് 84 രൂപക്ക് വരെ നൽകുന്നുണ്ട്. ഇറച്ചി കിലോക്ക് 125-130 വരെയായിരുന്നു ഞായറാഴ്ച ചില്ലറവില. ജീവനുള്ള കോഴി കിലോക്ക് 87 ആണ് സർക്കാർ നിശ്ചയിച്ച വില. 135 രൂപ ഇറച്ചിക്കും നിശ്ചയിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽനിന്ന് കോഴിവരവ് തുടങ്ങിയതോടെയാണ് വിലയിൽ കുറവ് വന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ ഫാമുകളുള്ള മലപ്പുറത്ത് ഞായറാഴ്ചത്തെ ഫാം വില 63-65 വരെയാണ്. ഇതിലും കുറഞ്ഞ വിലയ്ക്കാണ് തമിഴ്നാട്ടിൽനിന്ന് കോഴിയെത്തുന്നത്. ഇതോടെ സംസ്ഥാനത്ത് കോഴിവളർത്തൽ താൽക്കാലികമായി നിർത്താനാണ് കേരള പൗൾട്രി ഫാർമേഴ്സ് അസോസിയേഷൻ തീരുമാനം. വരുംദിവസങ്ങളിൽ വില വീണ്ടും താഴാൻ ഇടയുണ്ട്. മലപ്പുറം ജില്ലയിലേക്ക് കോഴിയെത്തുന്നത് തമിഴ്നാട്ടിൽ നിന്നാണെങ്കിൽ കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലേക്ക് കർണാടകയിൽനിന്നാണ് കൊണ്ടുവരുന്നത്. കർണാടകയിൽ തമിഴ്നാട്ടിലേതിനെക്കാളും വിലക്കുറവിൽ കിട്ടുന്നുണ്ടെന്ന് വ്യപാരികൾ പറഞ്ഞു. ഇതിനിടെ, തമിഴ്നാട്ടിൽനിന്ന് കോഴിക്കുഞ്ഞുങ്ങളെ കൊണ്ടുവരാൻ ചില ഫാമുടമകൾ ആലോചിച്ചിരുന്നെങ്കിലും വില കൂടുതൽ നൽകേണ്ടതിനാൽ തീരുമാനം ഉപേക്ഷിച്ചു. കോഴിക്കുഞ്ഞുങ്ങൾക്ക് വില കൂട്ടുകയും കോഴിക്ക് വില താഴ്ത്തുകയും ചെയ്ത് കേരളവിപണി പിടിച്ചടക്കാനാണ് തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ മൊത്തക്കച്ചവടക്കാരുടെ നീക്കം. -വിജയൻ തിരൂർ-
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.